23
Jul 2025
Sat
23 Jul 2025 Sat
samastha and minister v sivan kutty

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയും മതനേതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് സമസ്ത. യോഗം സംബന്ധിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വിവധ തരത്തിലുള്ള റിപോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് വിശദീകരണ കുറിപ്പുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശദീകരണക്കുറിപ്പില്‍ പറയുന്നത്:

ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠന സമയം രാവിലെ 09-45 ന് തുടങ്ങി വൈകുന്നേരം 04-15 അവസാനിപ്പിക്കുന്നതിലൂടെ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 25-07-2025 ന് തിരുവനന്തപുരത്ത് വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയും ശേഷം വിവിധ സ്‌കൂള്‍ മാനേജ്മെന്റ് സംഘടന പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചകളും ചില മാധ്യമങ്ങള്‍ വിവിധ തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധമായി വസ്തുതകള്‍ക്ക് നിരക്കാത്ത വിധം ചിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതികരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മന്ത്രിയുമായുള്ള ചര്‍ച്ചയിലെ വസ്തുതകള്‍ സത്യ സന്ധമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങിനെ ഒരു വിശദീകരണം നല്‍കുന്നത്.

വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ വെച്ച് 25-07-2025(വെള്ളിയാഴ്ച) ഉച്ചക്ക് ശേഷം 3.30 ന് നടന്ന ചര്‍ച്ചയില്‍ സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, എസ്.കെ.എം.എം.എ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.എം.എം.എ. വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ് കുറ്റിക്കടവ്, സമസ്ത പി.ആര്‍.ഒ. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് പങ്കെടുത്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പുറമെ ഡയരക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ (ഉഏഋ) ബഹു. ഷാനവാസ് സാര്‍, വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി വാസുഖി ഉള്‍പ്പെടെ യുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

ALSO READ: സ്‌കൂള്‍ സമയമാറ്റം: സുന്നീ സംഘടനകളുടെ ലക്ഷ്യം സംശയാസ്പദമെന്ന് ശിവന്‍ കുട്ടി; വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാന്‍ ഗൂഢാലോചന

സമസ്ത നേതൃത്വം ചുമതലപ്പെടുത്തിയ പ്രകാരമാണ് സമസ്ത പ്രതിനിധികള്‍ ചര്‍ച്ചക്ക് പോയത്. നേതൃ തീരുമാന പ്രകാരം സമസ്ത ട്രഷറര്‍ കൊയ്യോട് ഉസ്താദ് കൂടി ഈ സംഘത്തില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ അനിവാര്യമായ സാഹചര്യത്താല്‍ ഉസ്താദിന് തിരുവനന്തപുരത്ത് വരാന്‍ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂറിലധികം സമയം എടുത്ത് വിശദമായ ചര്‍ച്ചകളാണ് നടന്നത്.

ഈ വര്‍ഷം സ്‌കൂള്‍ പഠന സമയ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈ കൊള്ളാന്‍ ഉണ്ടായ സാഹചര്യം മന്ത്രി വിശദമായി പ്രതിപാദിച്ചു. സമസ്തക്ക് പറയാനുള്ള കാര്യങ്ങളും ഇത് വഴി മദ്രസ പഠനത്തിനും പൊതു സമൂഹത്തിനും ഉണ്ടായ പ്രയാസങ്ങളും ഞങ്ങളും വിശദമായി സംസാരിച്ചു. പഠന സമയമാറ്റം മൂലം ഉണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്തു. തീര്‍ത്തും സൗഹാര്‍ദ്ധ പരമായിരുന്നു ചര്‍ച്ചകള്‍. ബഹു. കേരള ഹൈക്കോടതി വിധിയും കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ ഉത്തരവ് ഇറക്കേണ്ടി വന്നതെന്നും ബഹു. ഹൈകോടതിയെ അറിയിച്ച് ഈ വര്‍ഷം അത് നടപ്പാക്കിയത് കൊണ്ട് നിങ്ങള്‍ സഹകരിക്കണമെന്നും അടുത്ത വര്‍ഷം പരാതി സംബന്ധിച്ചു നമുക്ക് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കുകയുമാണുണ്ടായത്. ഈ വിവരമാണ് ചര്‍ച്ചക്ക് ശേഷം മീഡിയ പ്രവര്‍ത്തകരുമായിഞങ്ങള്‍ പങ്ക് വെച്ചത്.

സമസ്തയുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ സ്‌കൂള്‍ മാനേജ്‌മെന്റ് സംഘടന പ്രതിനിധികളുടെ യോഗത്തിലും സമസ്തയുടെ പ്രതിനിധികള്‍ പങ്കെടുത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിലും വസ്തുനിഷ്ഠമായി സമസ്ത വിഷയം അവതരിപ്പിക്കുകയുണ്ടായി. സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഉണ്ടാവുന്ന പ്രയാസങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം മാനേജ്മെന്റ് പ്രതിനിധികളും ഉന്നയിച്ചു. സമസ്ത യുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ടാണ് മാനേജ്‌മെന്റ് സംഘടന പ്രതിനിധികളും സമസ്ത(എ. പി) വിഭാഗം നേതാക്കളും എം.ഇ.എസ്. ഉള്‍പ്പെടെയുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും സംസാരിച്ചത്. സമസ്തയുടെയും മറ്റു സംഘടനകളുടെയും ആവശ്യങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രസ്തുത ചര്‍ച്ചയും സഹായകമായി. എന്നാല്‍ ഈ വര്‍ഷം സഹകരിക്കണമെന്നും അടുത്ത വര്‍ഷം ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാക്കാമെന്നുമാണ് മന്ത്രി ഇരു യോഗങ്ങളിലും പറഞ്ഞത്. വസ്തുതകള്‍ ഇതായിരിക്കെ മറിച്ചുള്ളതെല്ലാം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് കെ. ഉമര്‍ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഒ.പി.എം. അഷ്റഫ് കുറ്റിക്കടവ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ അറിയിച്ചു.

English News Summary:

To address the issues arising from the revised school timings — 9:45 AM to 4:15 PM — implemented this academic year, Minister for General Education V. Sivankutty held discussions on July 25, 2025, in Thiruvananthapuram with leaders of Samastha as well as representatives of various school management associations.