റിയാദ്: ലോഞ്ചിങ്ങിന് മുന്നോടിയായി പറക്കലിന് സജ്ജമായി റിയാദ് എയര്‍. സൗദി അറേബ്യയുടെ തലസ്ഥാന നഗരയിയായ റിയാദിന് മുകളിലൂടെ റിയാദ് എയറിന്റെ പ്രഥമ പറക്കല്‍ തിങ്കളാഴ്ച നടന്നു. പ്രാദേശിക സമയം ഒന്നിനായിരുന്നു റിയാദ് എയറിന്റെ ബോയിങ് 787 ഡ്രീംലൈനര്‍ താഴ്ന്നുപറന്നത്. 2025ലാവും റിയാദ് എയര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുക.
|
കിങ് അബ്ദുല്ല ഫിനാന്‍ഡിഷ്യല്‍ ജില്ല, കിങ് ഖാലിദ് ഗ്രാന്‍ഡ് മോസ്‌ക്, കിങ്ഡം സെന്റര്‍ എന്നിവയ്ക്കു മുകളിലൂടെയായിരുന്നു റിയാദ് എയറിന്റെ പറക്കല്‍. സൗദി നാവിക സേനയുടെ ജെറ്റ് വിമാനം റിയാദ് എയര്‍ വിമാനത്തിന് അകമ്പടി സേവിക്കുകയുണ്ടായി.
പശ്ചിമേഷ്യയിലെ പുത്തന്‍ എയര്‍ലൈനായ റിയാദ് എയര്‍ലൈന്‍ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ കമ്പനിയാണ്. സൗദിയ ആണ് ആദ്യ കമ്പനി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കാഴ്ചപ്പാടുകളുടെ ഭാഗമായാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ എയര്‍ലൈന്‍ കമ്പനി തുടങ്ങിയത്. അബൂദബിയുടെ ദേശീയ കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന ടോണി ഡഗ്ലസ് ആണ് റിയാദ് എയറിന്റെ നേതൃസ്ഥാനത്തുണ്ടാവുക.


