കാസര്‍കോഡ്: റിയാസ് മൗലവധി വധക്കേസില്‍ മൂന്നു പ്രതികളെയും വെറുതെവിട്ടതില്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ച്ചകള്‍ പുറത്ത്. ഒരു വശത്ത് അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ഒത്തുകളി നടത്തിയോ എന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് വിധി പകര്‍പ്പിലുള്ളത്. ( Riyas moulavi murder: prosecution and police conspires to help rss workers )
|
പ്രതികള്‍ എന്തിന് കൊലപാതകം നടത്തി എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. സംഭവത്തെ ഒരു ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന സംഘര്‍ഷവുമായി ബന്ധപ്പെടുത്താനാണ് പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണെന്നാണ് കേസ് അന്വേഷിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനീവാസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍, കിലോമീറ്റര്‍ അകലെയുള്ള ഷട്ടില്‍ ടൂര്‍ണമെന്റ് സ്ഥലത്തെ തര്‍ക്കം എങ്ങിനെ റിയാസ് മൗലവിയെ കൊല്ലുന്നതിലേക്ക് നയിക്കുമെന്നും അത് എങ്ങിനെ പോലീസിന് തെളിയിക്കാനാവുമെന്നുമുള്ള ചോദ്യം അന്ന് തന്നെ പലരും ഉന്നയിച്ചിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തെളിയിക്കാനായില്ല
പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷണത്തിന്റെ ചില ഘട്ടങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്.
പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കൊണ്ടു വന്ന സാക്ഷികള്‍ കോടതിയില്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ആര്‍എസ്എസുകാരെ തന്നെയാണ് പോലീസ് സാക്ഷികളായി കൊണ്ടുവന്നതെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.
കേസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് മെനക്കെടാത്തതാണ് ഈ പരാജയത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് പോലീസും സംഘപരിവാരവും തമ്മില്‍ ഒത്തുകളിച്ചതു മൂലമാണോ എന്ന സംശയമാണ് ഉയരുന്നത്. പ്രതികള്‍ മദ്യലഹരിയിലാണ് കുറ്റം നടത്തിയതെന്ന വാദം ഇതിന്റെ ഭാഗമായിരുന്നു.

റിയാസ് മൗലവി വധക്കേസില്‍ നടന്നത് നിലവാരമില്ലാത്ത അന്വേഷണമെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു. മുസ്ലിം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി മൂന്ന് സംഭവങ്ങള്‍ കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍, കേവല ആരോപണങ്ങള്‍ക്കപ്പുറം മൂന്ന് സംഭവങ്ങളില്‍ ഒന്നുപോലും തെളിയിക്കാനായില്ല. മീപ്പു ഗിരി പോളിങ് ബൂത്തില്‍ നടന്നതും ഷട്ടില്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇത് പോലീസ് തെളിവായി ഉദ്ധരിച്ചത് പ്രതികള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കി.
ഡിഎന്‍എ പരിശോധന നടത്തിയില്ല
ഒന്നാം പ്രതിയുടെ വസ്ത്രത്തില്‍ റിയാസ് മൗലവിയുടെ രക്തം പുരണ്ടിരുന്നുവെന്ന് പോലിസ് കുറ്റപത്രത്തിലുണ്ട്. എന്നാല്‍, വസ്ത്രത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയില്ല. അതുകൊണ്ട് തന്നെ ഈ വസ്ത്രം പ്രതിയുടേതാണോ എന്ന് തെളിയിക്കാനായില്ല. റിയാസ് മൗലവിയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചില്ല. ഇത് സംശയം ജനിപ്പിക്കുന്നതാണ്. മരണത്തിന് മുന്‍പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ 3 പേരെയും വെറുതെ വിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് വിധി പറഞ്ഞത്. റിയാസ് മൗലവി 2017 മാര്‍ച്ച് 20 നാണു കൊല്ലപ്പെട്ടത്. രാത്രി ചൂരിയിലെ പള്ളിയോടു ചേര്‍ന്ന മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ പ്രതികള്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.





