01
Jun 2024
Thu
01 Jun 2024 Thu
RSS control over BJP

ന്യൂഡല്‍ഹി: ഇടക്കാലത്ത് അയഞ്ഞുപോയെ ബിജെപിക്ക് മേലുള്ള നിയന്ത്രണം ആര്‍എസ്എസ് ശക്തമാക്കും. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് സംഘപരിവാര മാതൃ സംഘടനയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് പ്രസിഡന്റ് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്. (RSS control over BJP may be restored loksabha election 2024)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോദി പാര്‍ട്ടിയില്‍ കരുത്തു കൂട്ടിയതിനൊപ്പമാണ് ആര്‍എസ്എസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത്. മോദിയും അമിത് ഷായും അടങ്ങുന്ന ഗുജറാത്ത് ലോബിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപവും ശക്തമായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട പലതും രണ്ടു ഗുജറാത്തി ബിസിനസുകാര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്നതും പാര്‍ട്ടി നേതൃത്വത്തില്‍ മുറുമുറുപ്പുണ്ടാക്കി.

ബിജെപി-ആര്‍എസ്എസ് ബന്ധം വഷളാവുന്നതായ സൂചന പലവട്ടം വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്താവന. തുടക്കകാലത്ത് ബിജെപിക്ക് ആര്‍എസ്എസിന്റെ സഹായം വേണ്ടി വന്നെന്നും എന്നാലിപ്പോള്‍ ബിജെപി കരുത്ത് നേടിയെന്നുമാണ് നദ്ദ പറഞ്ഞത്.

പ്രസ്താവന കടുത്ത അതൃപ്തിയുണ്ടാക്കിയെങ്കിലും വിവാദമാക്കാന്‍ ആര്‍എസ്എസ് നേതൃത്വം തുനിഞ്ഞില്ല. ഇത്തവണ മൂന്ന് വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് ആര്‍എസ്എസ് ശുപാര്‍ശ ചെയ്തത്. ഒന്ന് മോദിയുടെ വ്യക്തി പ്രഭാവവും സര്‍ക്കാര്‍ നേട്ടങ്ങളും. രണ്ട് രാജ്യ സുരക്ഷ. മൂന്ന് രാജ്യത്തിന്റെ പൈതൃകങ്ങളും സംസ്‌കാരവും പുനസ്ഥാപിക്കുന്ന നടപടികള്‍.

എന്നാല്‍, പ്രചാരണം മോദിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ മാത്രം ഒതുങ്ങിയെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. പാര്‍ട്ടിക്കും മുകളില്‍ വ്യക്തിയെ പ്രതിഷ്ഠിക്കുന്ന രീതിയോട് ആര്‍എസ്എസിന് യോജിപ്പില്ല. ബിജെപിയുടെ തെറ്റായ നയങ്ങള്‍ വിശദീകരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടി. പ്രചാരണ രംഗത്ത് താഴേത്തട്ടില്‍ സജീവമാകാറുള്ള ആര്‍എസ്എസ് കേഡര്‍മാര്‍ ഇക്കുറി പല സംസ്ഥാനങ്ങളിലും കാര്യമായി രംഗത്തുണ്ടായിരുന്നില്ല.

സാധാരണ ഗതിയില്‍ വീടുകളില്‍ സ്ലിപ്പുകള്‍ കൊടുക്കുന്നതും മറ്റും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. പോളിങ് ദിവസം വോട്ട് ചെയ്യാനെത്താത്ത പാര്‍ട്ടി അനുഭാവികളെ കൃത്യമായി പിന്തുടര്‍ന്ന് ബൂത്തിലെത്തിക്കുന്നതിലും ആര്‍എസ്എസ് പങ്കുവഹിച്ചിരുന്നു. എന്നാല്‍, ഇക്കുറി മിക്ക മണ്ഡലങ്ങളിലും അതുണ്ടായില്ല. ആദ്യ 5 ഘട്ടങ്ങളില്‍ ആര്‍എസ്എസ് തികച്ചും നിര്‍ജീവമായിരുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. അഞ്ചാം ഘട്ടത്തിന് ശേഷം ഗുരുതര സ്ഥിതി ബോധ്യപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ സജീവമാക്കാന്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍, അതിന് പിന്നാലെയാണ് നദ്ദയുടെ പ്രസ്താവന വന്നത്. അതോടെ ആര്‍എസ്എസ് കേഡര്‍മാര്‍ വീണ്ടും നിര്‍ജീവമായി. യുപിയില്‍ പാര്‍ട്ടിക്കേറ്റ തിരച്ചടികള്‍ക്ക് കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് ഇതാണ്. യുപിയില്‍ പാര്‍ട്ടിക്കേറ്റ തിരച്ചടികള്‍ക്ക് കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് ഇതാണ്.

വിവിധ പാര്‍ട്ടിയികളില്‍ നിന്ന് ചാക്കിട്ട് പിടിച്ച് കൊണ്ടുവരുന്നവര്‍ പൊടുന്നനെ നേതൃത്വത്തിലേക്കും സ്ഥാനാര്‍ത്ഥിത്വത്തിലേക്കും വരുന്നു. അഴിമതിക്കാരെ പാര്‍ട്ടിയിലെടുത്ത് വെളുപ്പിക്കുന്ന നയവും ആര്‍എസ്എസിന്റെ അപ്രീതിക്ക് കാരണമാണ്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വീണ്ടും ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ ആര്‍എസ്എസിന് അവസരമൊരുക്കിയിരിക്കുകയാണ്.


Also Watch