തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കാനുള്ള ആസൂത്രണം നടത്തിയത് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനുമാണെന്ന് വെളിപ്പെടുത്തല്‍. (RSS leader Valsan Thillangeri planned to disrupt the Pooram celebrations; Police supported him, says statement) ഇതിന് പോലീസിന്റെ സഹായം ലഭിച്ചതായും എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലെ മൊഴികളില്‍ നിന്ന് വ്യക്തമാവുന്നു.
|
വല്‍സന്‍ തില്ലങ്കേരിയും ഗോപാല കൃഷ്ണനും തൃശൂര്‍ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. സാധാരണ പൂര സ്ഥലത്ത് അങ്ങിനെ കാണാറില്ലാത്ത വല്‍സന്‍ തില്ലങ്കേരി കഴിഞ്ഞ പൂരത്തിന് സജീവമായി ഉണ്ടായിരുന്നു.
വെടിക്കെട്ട് ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കാന്‍ ചേര്‍ന്ന ദേവസ്വം കമ്മിറ്റി യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുത്തെന്നും വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്ന പി.ശശിധരന്‍ മൊഴി നല്‍കി. പൂരം അട്ടിമറിയെക്കുറിച്ച് എഡിജിപി എം.ആര്‍.അജിത്കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണു ശശിധരന്റെ മൊഴിയുള്ളത്.
ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു സുരേഷ്‌ഗോപിയെ ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ യോഗം നടന്ന സ്ഥലത്ത് എത്തിച്ചതെന്നു സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശന്‍ നല്‍കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലരും ആര്‍എസ്എസും കൃത്യമായ ആസൂത്രണം നടത്തിയതായാണ് ഈ മൊഴിയില്‍ നിന്ന് വ്യക്തമാവുന്നത്.
രാത്രി മഠത്തില്‍വരവ് എഴുന്നള്ളിപ്പിനൊപ്പമെത്തിയവരെ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണു നടുവിലാലിലും നായ്ക്കനാലിലുമുള്ള പന്തലുകളിലെ വെളിച്ചം കെടുത്തിയതെന്നും മഠത്തില്‍വരവ് ഒരാനപ്പുറത്തു മാത്രമായി ചുരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്റെ മൊഴിയിലുണ്ട്. കലക്ടര്‍ അഭ്യര്‍ഥിച്ച പ്രകാരം ദേവസ്വം ഓഫിസില്‍ ചര്‍ച്ച നടക്കുമ്പോള്‍ ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാറിനെ സുരേഷ്‌ഗോപി ഫോണില്‍ വിളിച്ചു. 10 മിനിറ്റിനകം വല്‍സന്‍ തില്ലങ്കേരിക്കും ഗോപാലകൃഷ്ണനുമൊപ്പം സുരേഷ് ഗോപി ഓഫിസിലെത്തിയെന്നു ശശിധരന്റെ മൊഴിയിലുണ്ട്.
പോലീസ് ആര്‍ക്കു വേണ്ടിയാണ് തെറ്റായ രീതിയിലുള്ള ഇടപെടല്‍ നടത്തിയതെന്നും സുരേഷ് ഗോപി ദേവസ്വം സെക്രട്ടറിയുമായി സംസാരിച്ചത് എന്താണെന്നുമുള്ള ചോദ്യമാണ് ഉയരുന്നത്. പൂരം നടത്തിപ്പിനെ ബാധിക്കുംവിധം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാല്‍ പൂരം നിര്‍ത്തിവയ്ക്കണമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മൊഴിയിലുണ്ട്. എന്നാല്‍, പാറമേക്കാവിന്റെ എഴുന്നള്ളിപ്പും മേളവും തടസ്സവുമില്ലാതെ നടത്തി.
എഴുന്നള്ളിപ്പ് പന്തലിലെത്തിയശേഷം മാത്രമേ ആളുകളെ പൂരപ്പറമ്പില്‍നിന്നു മാറ്റാവൂ എന്നു മന്ത്രി കെ.രാജന്റെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനുമുന്‍പേ പൊലീസ് തടഞ്ഞതാണ് പ്രശ്‌നമായത്. മന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം പോലീസ് അട്ടിമറിച്ചത് ആരുടെ താല്‍പര്യപ്രകാരമാണെന്നത് ദുരൂഹത ഉയര്‍ത്തുന്നു.
എഴുന്നള്ളിപ്പ് ബ്രഹ്‌മസ്വം മഠത്തിലേക്കു പോകുന്ന വഴിയില്‍ സ്വരാജ് റൗണ്ടില്‍ ആംബുലന്‍സും വാട്ടര്‍ ടാങ്കും പൊലീസ് ബാരിക്കേഡും വഴി തടസ്സം സൃഷ്ടിച്ചു. ഇക്കാരണത്താല്‍ സമയക്രമം പാലിക്കാനായില്ല.
പോലീസിന്റെ ഭാഗത്ത് നിന്നുള്ള തെറ്റായ ഇടപെടല്‍ സംബന്ധിച്ച് മറ്റ് നിരവധി കാര്യങ്ങളും മൊഴികളിലുണ്ട്. പകല്‍ മഠത്തില്‍ വരവ് വടക്കുന്നാഥക്ഷേത്രത്തില്‍ കടന്ന സമയത്തു കമ്മിറ്റിയംഗങ്ങളെപ്പോലും പൊലീസ് തടഞ്ഞു. കുടമാറ്റത്തിനുള്ള സ്‌പെഷല്‍ കുടകള്‍ എത്തിക്കുമ്പോള്‍ പടിഞ്ഞാറേ നടയില്‍ ഡിവൈഎസ്പി തടഞ്ഞു. കുടമാറ്റത്തിന് ആനകള്‍ നിരന്നിട്ടും കുട എത്തിക്കുന്നത് കമ്മിഷണര്‍ വീണ്ടും തടഞ്ഞു. ആനയ്ക്കുള്ള പട്ട തെക്കേ ഗോപുരനട വഴി കൊണ്ടുവന്നപ്പോള്‍ കമ്മിഷണര്‍ പാപ്പാനു നേരെ ആക്രോശിച്ചു.
പൂരം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം തിരുവമ്പാടി ദേവസ്വം ഔദ്യോഗികമായി എടുത്തിട്ടില്ലെന്നും ആ തീരുമാനമെടുത്തത് ചില വ്യക്തികളാണെന്നും തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. എഴുന്നള്ളിപ്പ് നിര്‍ത്തിവച്ച സമയത്ത് പടിഞ്ഞാറേനടയിലൂടെ പ്രകടനമായി, ഇടതുമുന്നണിവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചാണു സംഘപരിവാര്‍ സംഘടനകള്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്കു പോയത്. സംഭവത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢാലോചന വ്യക്തമാണ്. ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിലെ തലയില്‍ വയ്ക്കാനുള്ള ശ്രമവും ശരിയല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം, ഇത്രയും മൊഴികളുണ്ടായിട്ടും ഉത്തരവാദിത്തം മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന രീതിയിലാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പോലീസിന്റെ ദുരൂഹമായ നീക്കങ്ങളോ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ ഇടപെടലോ പൂരം കലങ്ങാനുള്ള കാരണങ്ങളായി എഡിജിപി എടുത്ത് കാട്ടിയിട്ടില്ല.


