മലപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവളപ്പിലെ കെട്ടിടത്തിനു പച്ച പെയിന്‍റ് അടിച്ച സംഭവത്തെ വളച്ചൊടിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച് ആര്‍എസ്എസ് മുഖപത്രം. ഭദ്രകാളി ക്ഷേത്രം മുസ്‍ലിം പള്ളിയാക്കാനുള്ള നീക്കം ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകള്‍ തടഞ്ഞു എന്ന രീതിയിലാണ് ഓർഗനൈസർ വാർത്ത നൽകിയിരിക്കുന്നത്.
|
മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ പ്രശസ്തമായ തിരുമാന്ധാംകുന്ന് ഭദ്രകാളി ക്ഷേത്രത്തിൽ സിപിഐഎം ആധിപത്യം പുലർത്തുന്ന ഭരണസമിതി ക്ഷേത്ര സമുച്ചയത്തിന് പച്ച പെയിന്റ് അടിച്ചതാണ് പ്രശ്ന കാരണമെന്ന് വാർത്തയിൽ പറയുന്നു. പച്ച നിറം പൂശിയതോടെ ക്ഷേത്രത്തിന് മസ്ജിദിന്‍റെ രൂപമായി.
ഇതോടെ പെയിന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും മറ്റ് സംഘടനകളും ക്ഷേത്ര കമ്മിറ്റിക്ക് നിവേദനം നൽകി. നടപടിയെടുത്തില്ലെങ്കില്‍ പെയിന്‍റ് മാറ്റിയടിക്കുമെന്നും അവർ പറഞ്ഞു. ഒടുവിൽ ക്ഷേത്ര കമ്മിറ്റിക്കാര്‍ മുട്ടുമടക്കുകയും പെയിന്‍റ് മാറ്റി അടിക്കുകയുമായിരുന്നുവെന്ന് വാര്‍ത്തയില്‍ അവകാശപ്പെടുന്നു.
മാർച്ച് 28 മുതൽ ഏപ്രിൽ ഏഴ് വരെ നടക്കുന്ന അങ്ങാടിപ്പുറം പൂരത്തിന് മുന്നോടിയായാണ് കെട്ടിടത്തിന് പച്ച പെയിന്‍റ് അടിച്ചത്. മുസ്‍ലിം ലീഗ് നേതാവ് എം പി അബ്ദുസമദ് സമദാനി എംപിയാണ് ക്ഷേത്ര കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി. മഞ്ഞളാംകുഴി അലി എംഎല്‍എയാണ് ചെയര്‍മാന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് റഫീഖ, ജില്ലാ പഞ്ചായത്തംഗം ഷഹർബാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സയീദ എന്നിവരും കമ്മിറ്റിയിലുണ്ട്- വാർത്തയിൽ പറയുന്നു.
സിപിഐഎമ്മും മുസ്‍ലിം നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണിതെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നു. ക്ഷേത്ര കമ്മിറ്റിയുടെ ഹിന്ദു വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ശശികല ടീച്ചറും രംഗത്തെത്തിയിരുന്നുവെന്നും വാര്‍ത്തയിലുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന്. ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് പച്ച പെയിന്റ് അടിച്ചതാണ് സംഘ്പരിവാർ സംഘടനകൾ വിവാദമാക്കിയത്. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി പച്ചനിറം മാറ്റി കാവി കളർ അടിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





