പാലക്കാട്: അമ്മ ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിന് നല്‍കിയ ഭൂമി തിരിച്ചെടുത്ത് സന്ദീപ് വാര്യര്‍. ഭൂമി ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചു. (RSS not ready to take over; Sandeep Warrier takes back land given by mother) ‘ആ സ്ഥലം ഉമ്മന്‍ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാന്‍ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും’ -സന്ദീപ് വാര്യര്‍ പറഞ്ഞു. ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് സ്ഥലമാണ് കൈമാറുക.
|
അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഉടന്‍ സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ‘അമ്മ മരിക്കുന്നതിന് മുമ്പ് നല്‍കിയ വാക്കാണത്. ആ വാക്കില്‍ നിന്ന് താന്‍ പിന്മാറില്ല. ഒരു വര്‍ഷം കാത്തിരിക്കും. അതിനുള്ളില്‍ ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കും’ -എന്നായിരുന്നു സന്ദീപ് വാര്യര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍, ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍.എസ്.എസ് മുന്നോട്ട് വരാത്തതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ തുടങ്ങും.
ജീവനുള്ള കാലം വരെ ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുമെന്നും എന്ത് സംഭവിച്ചാലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നതുമുതല്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംഘ് പരിവാറിനും എതിരെ കടുത്ത വിമര്‍ശനമാണ് സന്ദീപ് ഉന്നയിക്കുന്നത്.
തനിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണെന്നും ഇനി അതുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുറെ ആയല്ലോ നിങ്ങളുടെ വ്യക്തി അധിക്ഷേപം തുടങ്ങിയിട്ട്. പറയുന്ന ഓരോ കാര്യത്തിനും മറുപടി ഇല്ലാത്തോണ്ടല്ല, മറുവശത്തു പലരും ബുദ്ധിമുട്ടും എന്നുള്ളത് കൊണ്ട് മാനുഷിക പരിഗണന നല്‍കി വിട്ടതാണ്. ഇനി അതുണ്ടാവില്ല’ -സന്ദീപ് വാര്യര്‍ പറഞ്ഞു.


