27
Jun 2024
Sun
27 Jun 2024 Sun
RSS Uthar Pradesh

നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ ഞെട്ടിക്കുന്ന തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങി ആര്‍എസ്എസ്. (RSS Overhauls Pracharak Roles In UP After BJP’s Lok Sabha Setback) സംഘടനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രചാരകുമാരുടെ ചുമതലകളില്‍ കാര്യമായ മാറ്റം വരും. ദലിത് വിഭാഗങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നോവില്‍ നടന്ന സുപ്രധാന യോഗത്തില്‍ ബിജെപിയുടെ പരാജയ കാരണങ്ങള്‍ സംഘടന വിലയിരുത്തി. നിരവധി പ്രചാരകര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കി. ബിജെപി എട്ട് നിലയില്‍ പൊട്ടിയ ഫൈസാബാദ് മണ്ഡലമുള്‍പ്പെടുന്ന അയോധ്യാ പ്രചാരകിനെ ഗോരഖ്പൂരിലേക്ക് മാറ്റി. സുല്‍ത്താന്‍പൂര്‍ പ്രചാരക് കാശിയുടെ ചുമതല വഹിക്കും. കാശി പ്രചാരകിനെ ലഖ്‌നോയിലേക്കും മാറ്റിയിട്ടുണ്ട്.

മൂന്ന് ദിവസം നീണ്ട യോഗത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ പ്രചാരകുമാരുമായി കൂടിക്കാഴ്ച്ച നടത്തി. യുപിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി ഇത്തവണ സജീവമായി രംഗത്തിറങ്ങിയില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനുള്ള കാരണങ്ങളും സംഘടന പരിശോധിക്കുന്നുണ്ട്.

ബിജെപി തൂത്തുവാരുമെന്ന് പ്രതീക്ഷിച്ച യൂപിയില്‍ ഇത്തവണ പാര്‍ട്ടി 33 സീറ്റില്‍ ഒതുങ്ങിയിരുന്നു. പ്രധാനമായും ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ കൈവിട്ടതാണ് പരാജയ കാരണമെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.

2025ല്‍ ആര്‍എസ്എസ് 100 വര്‍ഷം തികയ്ക്കാനിരിക്കേ അടിത്തട്ടില്‍ ശാക്തീകരണം നടത്തുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ച് പരിവര്‍ത്തന്‍(അഞ്ച് പരിഷ്‌കണങ്ങള്‍) എന്ന ആശയത്തിലൂന്നുന്നതായിരിക്കും പദ്ധതികള്‍. സാമൂഹിക ഐക്യം, കുടുംബ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, ഗോത്ര-നാഗരിക ചുമതലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. വസുധൈവ കുടുംബകം എന്ന ആശയത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.