ഡല്‍ഹിയില്‍ നിര്‍മാണത്തിലിരിക്കുന്ന ആര്‍എസ്എസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് ഡല്‍ഹി അര്‍ബന്‍ ആര്‍ട്‌സ് കമ്മീഷന്‍(ഡിയുഎസി) നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)നല്‍കി. ജണ്ഡേവാലന്‍ മേഖലയിലാണ് 12 നിലകളിലായി ആര്‍എസ്എസ് ആസ്ഥാനമന്ദിരനിര്‍മാണം പുരോഗമിക്കുന്നത്. എന്‍ഒസി ലഭിച്ചതോടെ വൈകാതെ മന്ദിരത്തിന്റെ ഉദ്ഘാടനവും ഉണ്ടാവും. 46999 ചതുരശ്ര മീറ്ററില്‍ 12 നിലകളിലായി രണ്ടു ടവറുകളായാണ് ആര്‍എസ്എസ് ആസ്ഥാനമന്ദിരം നിര്‍മിച്ചിരിക്കുന്നത്.
|
ഡിയുഎസി ആഗസ്ത് ഒന്നിന് യോഗം ചേര്‍ന്നപ്പോള്‍ രേഖകളുടെ അഭാവം മൂലം കെട്ടിടത്തിന് എന്‍ഒസി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ആഗസ്ത് 29ന് വീണ്ടും ചേര്‍ന്ന യോഗമാണ് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചത്. കെട്ടിടസമുച്ചയത്തിന്റെ രൂപരേഖയും ചിത്രങ്ങളും മറ്റു രേഖകളും അടക്കമുള്ളവ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതേത്തുടര്‍ന്നാണ് എന്‍ഒസി നല്‍കുന്നതെന്നും ഡിയുഎസി വ്യക്തമാക്കി.
പ്രവര്‍ത്തനം തുടങ്ങി നൂറാം വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാഗ്പൂരിലെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റുകയാണ് ആര്‍എസ്എസ് ലക്ഷ്യം. നാല് ലിഫ്റ്റുകള്‍, പ്രവേശന കവാടത്തില്‍ എക്‌സ്‌റേ മെഷീനുകള്‍, മറ്റ് സുരക്ഷാ സംവിധാനങ്ങളും ആസ്ഥാനമന്ദിരത്തിലുണ്ടാവും.





