കോഴിക്കോട്: പോഷക സംഘടനകള്‍ക്ക് സംഘടനാ സെക്രട്ടറിമാരെ നല്‍കുന്ന പതിവ് നിര്‍ത്തലാക്കാന്‍ ആര്‍എസ്എസ് തീരുമാനം. ( RSS will no longer provide organizational secretaries )ബിജെപി ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ പോയ സംഘടനാ സെക്രട്ടറിമാര്‍ക്ക് സ്വഭാവ ദൂഷ്യം സംഭവിക്കുന്നതായും ഇത് ആര്‍എസ്എസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതായുമുള്ള റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
|
പരിയ സമ്പത്തുള്ള ആര്‍എസ്എസ് പ്രചാരകുമാരെയാണ് ബിജെപി, ബിഎംഎസ്, സേവാഭാരതി തുടങ്ങിയ പോഷക സംഘടനകളിലേക്ക് സംഘടനാ സെക്രട്ടറിമാരായി നിയമിക്കുന്നത്. മുഴുസമയ പ്രവര്‍ത്തനത്തിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്ന ആശയങ്ങള്‍ക്ക് അനുസൃതമായി അതത് സംഘടനകളെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെ സുഭാഷ്, എം ഗണേഷന്‍ തുടങ്ങിയവര്‍ അടുത്ത കാലത്ത് ഇങ്ങിനെ ബിജെപി സംഘടനാ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചവരാണ്.
എന്നാല്‍, ഇത്തരത്തില്‍ സംഘടനാ സെക്രട്ടറിമാരെ ആര്‍എസ്എസില്‍ നിന്ന് നല്‍കുന്നത് നിര്‍ത്താനാണ് തീരുമാനം. പകരം അതത് സംഘടനകളിലുള്ള ഒന്നിലധികം ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് മുഴു സമയ സംഘടനാ സെക്രട്ടറി ചുമതല നല്‍കും.
സാധാരണ ഗതിയില്‍ 3 വര്‍ഷത്തേക്കാണ് ആര്‍എസ്എസ് സംഘടനാ സെക്രട്ടറിമാരെ നിയമിക്കാറുള്ളത്. എന്നാല്‍, കേരളത്തില്‍ സംഘടനാ സെക്രട്ടറി ചുമതല നല്‍കപ്പെട്ട എം ഗണേഷനെ ഈ കാലാവധി തികയും മുമ്പ് തന്നെ നീക്കിയിരുന്നു. 2023 ജൂണ്‍ 16ന് തിരുവനന്തപുരത്ത് പാങ്ങോട് നടന്ന പ്രചാരകുമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലും തിരുവനന്തപുരത്ത് ജില്ലാ പ്രചാരക് എന്ന നിലയിലും പരിചയ സമ്പത്തുള്ള ഗണേഷന്റെ പ്രവര്‍ത്തന മികവും ഫണ്ട് കൈകാര്യം ചെയ്യുന്നതിലുള്ള കൃത്യതയുമൊക്കെ പരിഗണിച്ചാണ് സംഘടനാ സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍, ഫണ്ട് തിരിമറി ആരോപണത്തിലാണ് ആര്‍എസ്എസിന് ഗണേഷനെ മാറ്റേണ്ടി വന്നതെന്നതാണ് കൗതുകകരം. ബിജെപിയില്‍ എത്തിയതോടെ പാര്‍ട്ടിയെ തിരുത്തുന്നതിന് പകരം പാര്‍ട്ടിയുടെ എല്ലാ ദുഷിപ്പുകളും ഗണേഷനിലേക്ക് പകര്‍ന്നതായാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്.

അടൂരും കാസര്‍കോഡും നടന്ന ചില സദാചാര പ്രശ്‌നങ്ങളില്‍ ഗണേഷന്‍ ഇടപെട്ടതായി ആര്‍എസ്എസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പ്രചാരകുമാര്‍ സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യരുത് എന്നാണ് ചട്ടം. എന്നാല്‍, ഗണേഷന്‍ അതിന് എതിരായി പ്രവര്‍ത്തിച്ചു. ഗണേഷന്റെ കാലത്ത് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനെ ചില സാമ്പത്തിക തിരിമറികളുടെ ഭാഗമായി നീക്കം ചെയ്തിരുന്നു. വലിയ വസ്ത്ര വ്യാപാരിയില്‍ നിന്ന് പണം വായ്പ്പ് വാങ്ങി തിരിച്ചു കൊടുത്തില്ലെന്നതായിരുന്ന ആരോപണം.
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഗണേശനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പണം കൊണ്ടുവന്ന ധര്‍മരാജനുമായി ഈ ദിവസങ്ങളില്‍ ഗണേഷ് പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ സഹിതമായിരുന്നു ചോദ്യംചെയ്യല്‍. ഗണേശിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ പല തരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇടയാക്കിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇത് ഉള്‍പ്പെടെയുള്ള സാമ്പത്തിക തിരമറികളിലും മറ്റും ഗണേഷന്‍ ഉള്‍പ്പെട്ടതായി ആരോപണമുയര്‍ന്നതോടെയാണ് അദ്ദേഹത്തെ നീക്കി പകരം സഹ സംഘടനാ സെക്രട്ടറി കെ സുഭാഷിന് ചുമതല നല്‍കിയത്.
തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് കര്‍ണാടകയില്‍ സംഘടനാ സെക്രട്ടറി ജിവി രാജേഷിനെ ആര്‍എസ്എസ് പിന്‍വലിച്ചിരുന്നു. അവിടെയുള്ള സംഘടനാ പ്രശ്‌നങ്ങളും ചേരി തിരിവും വിഭാഗീയതയും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്ന കാരണം.
പാര്‍ട്ടിയിലെ വിഭാഗീയതകളിലും പണം തിരിമറി, സാദാചാര പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലും സംഘടനാ സെക്രട്ടറിമാരും ഉള്‍പ്പെടുന്നത് ആര്‍എസ്എസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതായ വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം വന്നത്. ഇത് പ്രകാരം ഇനി മുതല്‍ പോഷക സംഘടനകളിലേക്ക് സംഘടനാ സെക്രട്ടറിമാരായി ആര്‍എസ്എസ് പ്രചാരകുമാരെ നിയമിക്കില്ല. എന്നാല്‍, പ്രചാരകുമാര്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായ തീരുമാനപ്രകാരം ബിജെപി ഉള്‍പ്പെടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള സംഘടനകളിലേക്ക് ചേരാം. അവിടെ ഏത് പദവി നല്‍കണമെന്ന് അതത് സംഘടനകളാണ് തീരുമാനിക്കുക.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്നും ബിജെപി സ്വയം പര്യാപ്തത നേടിയെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഈയിടെ പ്രസ്താവിച്ചത് ഈ തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണെന്ന് വേണം കരുതാന്‍.





