29
Nov 2024
Fri
29 Nov 2024 Fri
Rtd engineer lost 10 crore rupees via digital arrest

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായി റിട്ടയേഡ് എന്‍ജിനീയര്‍ക്ക് 10 കോടി രൂപ നഷ്ടമായി. ഡല്‍ഹിയിലെ രോഹിണി നഗര്‍ സ്വദേശിയായ 72കാരനാണ് തട്ടിപ്പിനിരയായത്. എട്ട് മണിക്കൂറോളം ഇദ്ദേഹത്തെ തട്ടിപ്പുകാര്‍ വീട്ടില്‍ തടഞ്ഞുവച്ചു. തട്ടിപ്പിനിരയായെന്ന് വ്യക്തമായപ്പോഴാണ് ഇദ്ദേഹം പരാതിയുമായി പോലീസിനെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തട്ടിപ്പുകാര്‍ അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയ പണത്തില്‍ നിന്ന് 60 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നുമായിട്ടാണ് തട്ടിപ്പുകാര്‍ ഫോണ്‍ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. തായ് വാനില്‍ നിന്ന് പാഴ്‌സല്‍ എത്തിയെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാര്‍ വിളിച്ചത്.

നിരോധിത മയക്കുമരുന്നുകള്‍ അടങ്ങിയ പാഴ്‌സലില്‍ എന്‍ജിനീയറുടെ പേരാണുള്ളതെന്നും മുംബൈ വിമാനത്താവളത്തില്‍ ഇതു പിടിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വീഡിയോകോളില്‍ സംസാരിക്കണമെന്നും ഇതിനായി സ്‌കൈപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

വീഡിയോ കോളിനിടെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് അറിയിക്കുകയും പിന്നീട് എട്ടുമണിക്കൂറോളം ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് തട്ടിപ്പുകാരുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്കായി 10.3 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയും ചെയ്തു.

ഇതിനു ശേഷം കുടുംബാംഗങ്ങളോടു റിട്ട.എന്‍ജിനീയര്‍ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തട്ടിപ്പുകാര്‍ ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയ പണത്തില്‍ ശേഷിക്കുന്നതു കൂടി കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

READ ALSO: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വനിതാ ഡോക്ടർക്ക് 59 ലക്ഷം രൂപ നഷ്ടമായി