18
Dec 2023
Tue
18 Dec 2023 Tue

റബ്ബറിന് 250 രൂപ ആക്കിയാല്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം, 300 ആയാല്‍ കേന്ദ്രത്തിനൊപ്പം; നിലപാട് വ്യക്തമാക്കി മാര്‍ പാംപ്ലാനി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: റബ്ബറിന് 250 രൂപ ആക്കിയാല്‍ സംസ്ഥാന സര്‍ക്കാറിനൊപ്പവും 300 ആക്കിയാല്‍ കേന്ദ്രത്തിനൊപ്പവും നല്‍ക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകന് ഇനിമേല്‍ രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക അതിജീവനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ സഹായിച്ചാല്‍ അവര്‍ക്കൊപ്പവും നില്ക്കും. കര്‍ഷകന് നല്‍കാനുള്ളത് നല്‍കിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സര്‍ക്കാറുകള്‍ മാറണം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയത്. ഇതിന്റെ പത്തിലൊന്നുപോലും വേണ്ടാ ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍- മാര്‍ പാംപ്ലാനി പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല കര്‍ഷകനെന്നും കര്‍ഷകനൊപ്പം നില്‍ക്കുന്നവര്‍ക്ക് കൊടിയുടെ നിറംനോക്കാതെ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക അതിജീവന യാത്ര നടത്തുന്നത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയനിലം നയിക്കുന്ന യാത്ര 22ന് തിരുവനന്തപുരത്ത് സമാപിക്കും.