എല്‍ഡിഎഫിനെതിരേ വലിയ ആയുധമായി ഉയര്‍ത്തിക്കൊണ്ട് വന്ന ശബരിമല സ്വര്‍ണക്കൊള്ള യുഡിഎഫിനെ തിരിഞ്ഞു കുത്തുന്നു. യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോര്‍ഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ പുറത്ത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല. പഴയ വസ്തുക്കള്‍ പൊതു സ്വത്തായി സംരക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവില്‍ പറയുന്നത്.
|
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് വാജിവാഹനം തന്ത്രിക്ക് കൊടുത്തുവിട്ടത്. 2012 ലെ ഉത്തരവ് മറികടന്ന് 2017 ലാണ് വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിട്ടത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പ്രായാര്‍ ഗോപാലകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് വാജി വാഹനം കൈമാറിയത് എന്നായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജയ് തറയില്‍ പ്രതികരിച്ചത്.
തന്ത്രി കഠരര് രാജീവരര് റിമാന്‍ഡിലായതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്. ഇത് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള വാജിവാഹനം 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതാണ്.
ALSO READ: എന്റെ കിളി പോയി സാറേ… ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് അരികത്ത് കിടന്നുറങ്ങി; യുവാവിനെ പോലീസ് തൂക്കി
അതേസമയം; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡി. 2019 കാലയളവില്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു എന്‍ വിജയകുമാര്‍. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യഅപേക്ഷ നല്‍കി
കൊടിമര നിര്‍മാണത്തിന്റെ മറവിലും തട്ടിപ്പ്
ശബരിമല സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിന്റെ മറവിലും വന്‍ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തല്‍. കൊടിമര നിര്‍മ്മാണത്തിന് ദേവസ്വം ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വ്യാപക പണപ്പിരിവിലാണ് തട്ടിപ്പ്. കൊടിമരം ഫോണെക്‌സ് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടും പ്രമുഖ സിനിമാതാരങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചു എന്നാണ് അന്വേഷ സംഘം കണ്ടെത്തിയത്. സ്‌പോണ്‍സര്‍ ചെയ്തത് മറച്ചുവെച്ചിട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ഭരണസമിതി തലപ്പത്തുണ്ടായ കാലത്ത് പണപ്പിരിവ് നടത്തിയിരിക്കുന്നത്.
ഫോണെക്‌സ് ഫൗണ്ടേഷന്‍ തുക നിക്ഷേപിച്ചതിന് തെളിവ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. സ്വര്‍ണക്കൊടിമരം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത് 2016-17 കാലഘട്ടത്തിലായിരുന്നു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ ഗോപാലകൃഷ്ണനും അംഗമായ അജയ് തറയലിന്റെയും നേതൃത്വത്തില്‍ വ്യാപകമായ പണപ്പിരിവ് അനധികൃതമായി നടത്തിയെന്നാണ് കണ്ടെത്തല്‍.
കൊടിമര നിര്‍മ്മാണത്തിനായി ഫോണക്‌സ് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ തുകയായ 3.22 കോടി രൂപ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 2016 ഡിസംബര്‍ 23 മുതല്‍ നാല് തവണയായിട്ടാണ് ആ പണം ശബരിമല ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ധനലക്ഷ്മി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണം ലഭിച്ചിട്ടും കൊടിമരത്തിന് പണമില്ല, സ്‌പോണ്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും കൂടി പലരെയും സമീപിച്ചു.
തുടര്‍ന്ന് നടത്തിയ പിരിവിലൂടെ പ്രമുഖ സിനിമാതാരങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു എന്നാണ് കണ്ടെത്തല്‍. ഏതാണ്ട് രണ്ടര കോടി രൂപയിലേറെ ഈ തരത്തില്‍ പിടിച്ചെടുത്തു. ഇതേ ദേവസ്വം ബോര്‍ഡ് ഭരണസമിതി തന്നെയാണ് അമൂല്യ വസ്തുവായ വാജിവാഹനം ദേവസ്വം മാനുവല്‍ ലംഘിച്ചുകൊണ്ട് ശബരിമല തന്ത്രിക്ക് കൈമാറിയത്.


