Sabu Jacob`s entry into NDA ട്വന്റി ട്വന്റിയെ എന്‍ഡിഎയില്‍ എത്തിച്ചത് ബ്ലാക്ക്‌മെയ്‌ലിങ് തന്ത്രത്തിലൂടെയെന്ന് സൂചന. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെയാണ് ചുവടു മാറ്റം ഉണ്ടായിരിക്കുന്നത്. രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം നടക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളോട് പോലും ആലോചിക്കാതെയായിരുന്നു ഈ കൂടുമാറ്റം.
|
കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം. ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.
ALSO READ: ഒരുമിച്ച് ആത്മഹത്യചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കാമുകിയെ കൊലപ്പെടുത്തി മുങ്ങിയ യുവാവ് പിടിയില്‍
ജനുവരി 22-നാണ് ട്വന്റി ട്വന്റി എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നതായി പ്രഖ്യാപനം വന്നത്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ചായിരുന്നു സാബു എം. ജേക്കബിന്റെ പ്രഖ്യാപനം.
തുടര്‍ന്ന് അടുത്തദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമായി. പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്. ഒറ്റയ്ക്ക് നിന്നാല്‍ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എന്‍ഡിഎയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നായിരുന്നു സാബു എം. ജേക്കബിന്റെ വിശദീകരണം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് കനത്ത ക്ഷീണമേറ്റതും തീരുമാനത്തിന് പ്രേരകമായി. നാലു പഞ്ചായത്തില്‍ അധികാരത്തിലുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ അംഗങ്ങള്‍ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടിരുന്നു.


