മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരുക്കേല്‍പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതിയെ അല്ലെന്ന് സംശയം പ്രകടിപ്പിച്ച് പ്രദേശവാസികള്‍. (Saif Ali khan attack investigation update) അറസ്റ്റിലായ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദിനും നേരത്തേ പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയ്ക്കും തമ്മില്‍ സാമ്യമില്ലെന്നാണ് നഗരവാസികളില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വ്യത്യാസമുണ്ടെന്ന് പറഞ്ഞ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും പങ്കുവച്ചിട്ടുണ്ട്.
|
പൊലീസ് എന്തോ മറയ്ക്കുന്നുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. 8 നില വരെ കോണിപ്പടികള്‍ കയറിയ പ്രതി പതിനൊന്നാം നിലയിലേക്ക് പൈപ്പ് വഴി വലിഞ്ഞുകയറിയെന്നും തുടര്‍ന്ന് നടന്റെ വീട്ടിലെ ശുചിമുറിയിലേക്കു പ്രവേശിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ വീടിനുള്ളിലാക്കി നടന്‍ വാതില്‍ അടച്ചെങ്കിലും കുളിമുറി വഴി പുറത്തിറങ്ങിയെന്നും പൊലീസ് പറയുന്നുണ്ട്. എന്നാല്‍, ഇതിലെല്ലാം പൊരുത്തക്കേടുകളുണ്ടെന്നാണ് ചിലരുടെ വാദം.
സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴിയില്‍ പറയുന്നത് കുട്ടിയെ ബന്ദിയാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ്. എന്നാല്‍, സ്വര്‍ണാഭരണങ്ങളൊന്നും മോഷ്ടിക്കപ്പെട്ടിട്ടുമില്ല.
ALSO READ: പള്ളിയില്ല, സ്വന്തം ഭൂമിയില്‍ ഷെഡ്ഡ് ഉണ്ടാക്കി ജുമുഅ നടത്തിയ മുസ്ലിംകളെ ജയിലിലടച്ച് പോലീസ്
മാരകായുധം കൊണ്ട് പ്രതി സെയ്ഫിനെ ആക്രമിച്ചിട്ടും ഭാര്യ കരീന പ്രതിരോധിക്കാതിരുന്നത് എന്തുകൊണ്ടെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ആരുടെ വീടാണെന്ന് അറിയാതെയാണ് പ്രതി അവിടെ കയറിയതെന്ന പൊലീസിന്റെ വിവരണത്തില്‍ പൂര്‍ണ വിശ്വാസമില്ലെന്നും പലരും പ്രതികരിച്ചു.
എന്നാല്‍, സെയ്ഫിനെ അക്രമി ഉപദ്രവിക്കുന്ന സമയത്ത് താനും വസതിയിലുണ്ടായിരുന്നെന്നും അക്രമി കുഞ്ഞിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സെയ്ഫിന് കുത്തേറ്റതെന്നും പെട്ടെന്നുണ്ടായ ഷോക്കില്‍ താന്‍ നിസ്സഹായയായിപ്പോയെന്നുമാണ് കരീന പൊലീസിനു നല്‍കിയ മൊഴി.
സെയ്ഫിനൊപ്പം കരീന ആശുപത്രിയിലേക്കു പോയിരുന്നില്ല. സെയ്ഫ്-കരീന ദമ്പതികളുടെ മൂത്ത മകന്‍ തൈമൂറും ഒരു ഓട്ടോറിക്ഷ ഡ്രൈവറും ചേര്‍ന്നാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണം കണ്ട് താന്‍ ഭയന്നു പോയിരുന്നെന്നും എന്തുചെയ്യണമെന്നറിയാതെ നിന്ന തന്നെ സഹോദരി കരിഷ്മ കപൂര്‍ ആണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയതെന്നുമാണ് കരീന അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിന്റെ രംഗങ്ങള്‍ മുംബൈ പൊലീസ് പുനരാവിഷ്‌കരിക്കും. പ്രതി തനിക്കെതിരെയുള്ള വാര്‍ത്ത കണ്ട് കടുത്ത ആശങ്കയിലായിരുന്നെന്നും സ്വദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.


