ന്യൂഡൽഹി: വീട്ടിൽ വച്ച് മോഷ്‌ടാവിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സൈഫ് അലി ഖാൻ ആശുപത്രിയിൽ തുടരുന്നു. നടന് ശസ്ത്രക്രിയ നടത്തിയെന്നും സെയ്‌ഫ് ഇപ്പോൾ അപകടനില തരണം ചെയ്‌തതായും ആശുപത്രി അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.
|
ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈഫിന്റെ പങ്കാളിയും ബോളിവുഡ് നടിയുമായ കരീന കപൂർ അഭ്യർത്ഥിച്ചു.
അക്രമിയെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാന്ദ്ര പൊലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സെയ്‌ഫ് അലി ഖാന് ബാന്ദ്രയിലെ വസതിയൽവച്ച് കുത്തേല്‍ക്കുന്നത്.
അതേസമയം അക്രമി ലക്ഷ്യവവച്ചത് സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ഇളയ മകൻ ജഹാംഗീറിനെ ആയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ജഹാംഗീറിൻ്റെ മുറിയിലേക്കാണ് അക്രമി ആദ്യമെത്തിയതെന്ന് ജോലിക്കാരി വെളിപ്പെടുത്തി.
കുട്ടിയുടെ മുറിയിൽ വെച്ചാണ് ജോലിക്കാരി അക്രമിയെ കണ്ടത്. പിന്നാലെ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകളിലും ആയുധങ്ങളുമായെത്തിയ അക്രമി ജോലിക്കാരിയെ ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീന കപൂറും മുറിയിലേക്ക് ഓടിയെത്തുകയും കയ്യാങ്കളിയിൽ സെയ്ഫിന് പരിക്കേൽക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. നട്ടെല്ലിന് സമീപത്തടക്കം സെയ്ഫിന് കുത്തേറ്റു. സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആറു കുത്തുകളാണ് സെയ്ഫ് അലി ഖാന് ഏറ്റത്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ലീലാവതി ആശുപത്രിയിലേക്ക് സമയമൊട്ടും കളയാതെ എത്താന്‍ അവസരോചിത നീക്കം സഹായിച്ചു.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വീട്ടുജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടാവിന് വീട്ടില്‍ കടന്നുകയറാന്‍ അവസരമൊരുക്കി നല്‍കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.


