22
Feb 2026
Sun
22 Feb 2026 Sun
samastha sammelanam

Samastha centenary national conference കുണിയ: ഇസ്ലാം മത പ്രബോധനത്തിനൊപ്പം ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്തയെന്ന മഹാ പണ്ഡിതസഭയുടെ വാര്‍ഷികാഘോഷ സമാപനം ഇന്ന് കാസര്‍കോട്ട് നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുണിയയില്‍ നാലു ദിവസമായി നടക്കുന്ന ‘ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തിലുള്ള സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപനത്തിനാണ് വൈകീട്ട് 4.30ന് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലെത്തുന്ന ജനലക്ഷങ്ങള്‍ സാക്ഷിയാവുക. കണ്ണൂര്‍-മംഗളൂരു ദേശീയ പാതയോരത്തെ നഗരിയില്‍ ലക്ഷങ്ങള്‍ക്ക് സംഗമിക്കാന്‍ കഴിയുന്ന സദസും ആയിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന വേദിയുമാണ് സമാപന സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്.

സമസ്തയുടെ നൂറ് ത്രിവര്‍ണ പാതാകകള്‍ വാനിലേക്ക് ഉയര്‍ത്തി കഴിഞ്ഞ ബുധനാഴ്ച നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന് തുടക്കമിട്ടതും ഈ വിശാല മൈതാനിയിലാണ്. അറേബ്യന്‍ വാസ്തുശില്‍പ ചാരുതയില്‍ ഒരുക്കിയ ശംസുല്‍ ഉലമയുടെ പേരിലുള്ള പ്രധാന കവാടത്തിലൂടെയാണ് സമാപന സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുക. വിളിപ്പാട് അകലെയാണ് പായ്ക്കപ്പല്‍ രൂപത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നാമധേയത്തില്‍ നഗരി സജ്ജമാക്കിയിരിക്കുന്നത്.

ALSO READ: അസം മുഖ്യമന്ത്രി മുസ്ലിംകളെ വെടിവയ്ക്കുന്ന വീഡിയോ ബിജെപി എക്‌സ് ഹാന്‍ഡിലില്‍; വ്യാപക പ്രതിഷേധം

രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ജനങ്ങളുടെ ഒഴുക്കാണ് ഇന്നലെ മുതല്‍ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക്. സദസിലുള്ളവര്‍ക്ക് വേദി കൃത്യമായി കാണാനുള്ള സൗകര്യങ്ങള്‍, ശുചിമുറി, ആതുര സേവനവും ഒരുക്കിയിട്ടുണ്ട്. പൊലിസിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ക്രമീകരണങ്ങള്‍.

പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ പ്രൊഫ. ഡോ.സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറയും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി ജനറല്‍ പ്രൊഫ. ആലിക്കുട്ടി മുസ് ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് പ്രമേയ പ്രഭാഷണം നടത്തും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്ക് കൈമാറും.

സയ്യിദ് അലിയ്യുല്‍ ഹാഷ്മി യു.എ.ഇ, ഹമദ് സാമി ഹുസൈന്‍ റാഷിദ് അദ്ദൗസരി ബഹ്‌റൈന്‍, അഹമ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഹസന്‍ ഖറാത്വ, കേരള, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, കെ. സിദ്ധരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. പി. മുഹമ്മദലി ഗള്‍ഫാര്‍, ബംഗളൂരു എം.എല്‍.എ എന്‍.എ ഹാരിസ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആന്‍ഡ് ഫൗണ്ടര്‍ ഇബ്‌റാഹിം അഹമ്മദലി ഹാജി കുണിയയ്ക്ക് ഉപഹാരം നല്‍കും.

പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ സമാപന പ്രാര്‍ഥന നടത്തും. സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ കോട്ടുമല സംബന്ധിക്കും. സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം നന്ദി പറയും.