24
Dec 2025
Mon
24 Dec 2025 Mon
samastha president jifri thangal

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ചിലര്‍ തന്നെ ആക്രമിക്കുകയാണെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുന്നി ആദര്‍ശത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറച്ചില്‍ അടക്കം നടക്കുന്നു. അതിക്രമത്തിന് ഇരയാകുന്നവന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുമെന്നും അത് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ വേദിയും പരിഗണിച്ചു കൊണ്ടാണ് താന്‍ സംസാരിക്കാറുള്ളത്. ആദര്‍ശപരമായി വിയോജിപ്പുള്ളപ്പോഴും എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് തന്റെ നിലപാടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശതാബ്ദി സന്ദേശയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

ALSO READ: കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാല്‍സംഗം ചെയ്തും ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം ആവര്‍ത്തിച്ചും ബിജെപി നേതാവിന്റെ ഭര്‍ത്താവ്

സമസ്തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിച്ച ശതാബ്ദി സന്ദേശയാത്രക്ക് ഞായറാഴ്ച കാസര്‍കോട്ട് തളങ്കരയില്‍ വന്‍ സ്വീകരണം നല്‍കി. ഡിസംബര്‍ 18ന് സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരില്‍ നിന്ന് സമസ്തയുടെ പതാക ജാഥനായകന്‍ ജിഫ്രി തങ്ങള്‍ ഏറ്റുവാങ്ങി.

19ന് തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ് സന്ദേശയാത്ര ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, തമിഴ്നാട്ടിലെ നീലഗിരി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഞായറാഴ്ച കാസര്‍കോട് തളങ്കരയില്‍ സ്വീകരണം നല്‍കുകയായിരുന്നു.

കാസര്‍കോട് കുണിയയില്‍ 2026 ഫെബ്രുവരി നാലുമുതല്‍ എട്ടുവരെ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികത്തിന്റെ പ്രചാരണ സന്ദേശവുമായാണ് 10 ദിവസത്തെ സന്ദേശയാത്ര സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലെയും തമഴ്നാട്ടിലെയും വിവിധ മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, എം.പിമാര്‍, എല്‍.എല്‍.എമാര്‍, വിവിധ മതസ്ഥരടക്കം സന്ദേശയാത്രയുടെ പൊതുവേദികളിലെത്തിയിരുന്നു.