27
Mar 2025
Thu
27 Mar 2025 Thu
nagpur riot

ഡല്‍ഹി: ഔറംഗസേബിന്റെ ശവകുടീരം തകര്‍ക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ സംഘപരിവാര സംഘടകള്‍ സൃഷ്ടിച്ച സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍  മുസ്ലിംകള്‍. (Sangh Parivar riots in Nagpur; All those arrested are Muslims )ബജ്‌റംഗ്ദളും വിഎച്ച്പിയും തുടക്കമിട്ട സംഘര്‍ഷത്തില്‍ 51 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസിന്റേത് ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിഭാഗത്തില്‍പ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂര്‍ സെന്‍ട്രലിലെ മഹല്‍ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടായത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.

ALSO READ: ഔറംബസീബിന്റെ ശവകുടിരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ കലാപമഴിച്ചുവിട്ട് സംഘപരിവാരം; പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ശിവജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങള്‍ പ്രകടനം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ ഔറംഗസേബിന്റെ കോലം കത്തിച്ചു. അക്രമമഴിച്ചുവിട്ടതോടെ മറുവിഭാഗവും പ്രദേശത്ത് സംഘടിക്കുകയായിരുന്നു.

ഖുര്‍ആന്‍ കത്തിച്ചതായുള്ള പ്രചാരണവും സംഘര്‍ഷം വര്‍ധിക്കാനിടയാക്കി. ഔറംഗസേബിന്റെ പ്രതിമയില്‍ ചുറ്റിയിരുന്ന പച്ച തുണിയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിയിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചത് പ്രകോപനത്തിനിടയാക്കി.

ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയില്‍ ഉള്ളവരെല്ലാവരും മുസ്ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാത്രം എങ്ങനെയാണ് എഫ്‌ഐആറില്‍ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും എട്ട് അംഗങ്ങള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. 6 എഫ്‌ഐആറുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.