21
Oct 2024
Wed
21 Oct 2024 Wed
SAT enters I League second division

കൊല്‍ക്കത്തയില്‍ നടന്ന തേര്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ അബ്ബാസ് യൂനിയണ്‍ ഹൈദരാബാദുമായി 2-2 സമനിലയില്‍ എത്തിയതോടെയാണ് സാറ്റ് തിരൂര്‍ സെക്കന്‍ഡ് ഡിവിഷനിലേക്ക് യോഗ്യത നേടിയത്. സാറ്റിലുള്ള ഭൂരിഭാഗം കളിക്കാരും മലപ്പുറം ജില്ലയില്‍ നിന്നുമുള്ളവരും അതില്‍ തന്നെ ഭൂരിഭാഗം പേരും തിരൂരിലും പരിസര പ്രദേശത്തുള്ളവരുമാണ് സ്റ്റേറ്റ് ചാമ്പ്യന്‍മാരായി യോഗ്യത നേടി വരുന്ന ടീമുകള്‍ പങ്കെടുക്കുന്ന ഐ ലീഗ് തേര്‍ഡ് ഡിവിഷനില്‍ നിന്നും ഫസ്റ്റ് റൗണ്ട് കടന്നാണ് ഫൈനല്‍ റൗണ്ടില്‍ സാറ്റ് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ജിഎംഎസ് സി മുംബൈ ടീമിനെയും രണ്ടാം മത്സരത്തില്‍ പഞ്ചാബില്‍ നിന്നുമുള്ള ഡാല്‍ബിര്‍ എഫ്‌സി യെയും പരാജയപ്പെടുത്തിയ കേരളാ ടീം ഇന്ന് ഹൈദരാബാദില്‍ നിന്നുമുള്ള മുന്‍ ഇന്ത്യന്‍ താരമായിരുന്ന ഷബീറലി പരിശീലിപ്പിക്കുന്ന അബ്ബാസ് യൂണിയന്‍ എസിയുമായി സമനിലയില്‍ എത്തിയതോടെയാണ് ചരിത്രത്തില്‍ ഇടം നേടിയത്.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ ലീഡ് എടുത്ത് ഹൈദരാബാദ് ടീം മേല്‍ക്കോയ്മ നേടി സാറ്റിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പിന്നെ അവസാന മിനിറ്റ് വരെ പൊരുതി കളിച്ച സാറ്റ് പകരക്കാരനായി വന്ന താനൂരുക്കാരന്‍
കെ. ഉനൈസിലൂടെ അതിമനോഹരമായ രണ്ട് ഗോളുകള്‍ മടക്കി സമനില നേടുകയായിരുന്നു.

ഇതോടെ അടുത്ത മത്സരം തോറ്റാലും 7 പോയിന്റില്‍ മറ്റൊരു ടീം എത്താന്‍ ഇല്ലാത്തതിനാല്‍ സെക്കന്‍ഡ് ഡിവിഷന്‍ ഉറപ്പിക്കുകയായിരുന്നു സാറ്റ് ടീം.

ഒരു ഗ്രൂപ്പില്‍ നിന്നും രണ്ടു ടീം സെക്കന്‍ഡ് ഡിവിഷനിലേക്ക് യോഗ്യത നേടും. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ മിസോറാമില്‍ നിന്നുമുള്ള ചെന്മാരി എസിയുമായിട്ടാണ് സാറ്റ് ഏറ്റുമുട്ടുന്നത്.