
ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന ഉംറ വിസക്കാര്‍ക്കും മക്ക, മദീന ഉള്‍പ്പെടെയുള്ള പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.(Saudi Arabia makes vaccination mandatory for Umrah visa holders and visitors to holy sites) മക്കക്കടുത്തുള്ള ജിദ്ദ, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവരും നിര്‍ബന്ധമായും കുത്തിവെപ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
![]() |
|
സൗദിയിലേക്ക് പറക്കുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. ഉംറ വിസയുള്ളവര്‍, ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായെത്തുന്നവര്‍ തുടങ്ങിയവര്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പ് വരുത്തണം.
മഞ്ഞപ്പനി ബാധിച്ച ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എന്നാണ് വിമാന കമ്പനികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നത്. ഇങ്ങനെയുള്ളവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കൂടെ കരുതണം. ‘നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിന്‍’ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ALSO READ: ‘മതസ്പര്‍ദ്ധ ഇളക്കിവിട്ടു’; പി.സി ജോര്‍ജിനെതിരെ SDPI പരാതി നല്‍കി
യാത്രക്കാര്‍ക്ക് ക്വാഡ്രിവാലന്റ് നെയ്സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിന്‍, പോളിസാക്രറൈഡ് അല്ലെങ്കില്‍ സംയോജിത തരം എന്നീ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് വിമാനകമ്പനികള്‍ ഉറപ്പാക്കണം. യാത്രക്കാര്‍ എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം.
അല്ലെങ്കില്‍ പോളിസാക്രറൈഡ് വാക്‌സിന്‍ മൂന്ന് വര്‍ഷത്തിനുള്ളിലൊ സംയോജിത വാക്‌സിന്‍ അഞ്ചു വര്‍ഷത്തിനുള്ളിലോ ആയിരിക്കണം. ഇങ്ങനെയുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വക്കണം. മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിനില്‍ നിന്ന് ഒരു വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിരിക്കുന്നു.
ട്രാന്‍സിറ്റ്, ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രേഖകള്‍ യാത്രക്കാരുടെ കൈവശം ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ എംബാര്‍ക്കേഷന്‍ സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സൗദി സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പുതിയ നിബന്ധന നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമല്ലെന്നാണ് കരുതുന്നത്. എന്നാല്‍, സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകളില്‍ മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എല്ലാ രാജ്യക്കാരായ ഉംറ തീര്ഥാടകര്‍ക്കും നിര്‍ബന്ധമാണ് എന്ന് വിവരിക്കുന്നുണ്ട്. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പ്രതിപാദിക്കുന്നില്ല.
വാക്‌സിനേഷന്‍ സംബന്ധിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണു പ്രതീക്ഷിക്കുന്നത്.