വിശുദ്ധ നാട്ടില്‍ മദ്യശാല തുറക്കുമോ? സൗദിയില്‍ മദ്യം ഒഴുകുന്ന വാര്‍ത്തയുടെ വാസ്തവം അറിയാം
|
ജിദ്ദ: സൗദി അറേബ്യയില്‍ ഇതാദ്യമായി മദ്യശാല തുറക്കാന്‍ തീരുമാനമെന്നും ഇതോടെ വിശുദ്ധ നാട്ടില്‍ മദ്യം ഒഴുകുമെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്താണ്? മദ്യം ഒഴുകുന്നതിന്റെ ആദ്യപടിയായി തലസ്ഥാനമായ റിയാദില്‍ അമുസ് ലിം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല തുറക്കുകയെന്നും മദ്യം ലഭിക്കാന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും ഇവര്‍ക്ക് പിന്നീട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടി മദ്യം വാങ്ങാമെന്നുമായിരുന്നു റിപ്പോര്‍ട്ട്. പ്രതിമാസ ക്വാട്ട നിശ്ചയിച്ചായിരിക്കും മദ്യം ലഭിക്കുകയെന്നും ആഴ്ചകളില്‍ സ്റ്റോര്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന സമീപപ്രദേശമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ ആരംഭിക്കുക. അമുസ്ലിംകള്‍ക്ക് മാത്രമായി ഈ സേവനം കര്‍ശനമായി പരിമിതപ്പെടുത്തും. അതേസമയം മറ്റ് അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
എന്നാല്‍ വാസ്തവം ഇതല്ലെന്നും സൗദിയില്‍ മദ്യവിതരണം കര്‍ക്കശമാക്കുകയാണ് ചെയ്തതെന്നുമാണ് അധികൃതര്‍ പറയുന്നത്. സൗദിയില്‍ അമുസ്‌ലിം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു ഡിപ്ലോമാറ്റിക് പാര്‍സല്‍ വഴി മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും നേരത്തെ തന്നെ അനുമതിയുണ്ട്. ഇത് ദുരുപയോഗം ചെയ്ത് പലകോണുകളിലും മദ്യം എത്തിയതോടെ നിയമം കര്‍ക്കശമാക്കുകയാണ് ഇപ്പോള്‍ ഉണ്ടായത്. വിദേശ എംബസികള്‍ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന പുതിയ കേന്ദ്രത്തിലൂടെ അവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം ലഭ്യമാക്കും എന്നാണ് അറിയിച്ചത്. മൊബൈല്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത അമുസ്‌ലിം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ക്ലിയറന്‍സ് ലഭിച്ചാല്‍ മാസാന്ത ക്വാട്ട അനുസരിച്ച് ആവശ്യപ്പെടുന്ന മദ്യം എത്തിച്ചുകൊടുക്കും. ഈ കേന്ദ്രത്തില്‍ നേരിട്ടെത്തി മദ്യപിക്കാനോ മദ്യം വാങ്ങാനോ സാധിക്കില്ല. നയതന്ത്ര തപാല്‍ വഴിയുണ്ടായിരുന്ന മദ്യ ഇറക്കുമതി അനുമതിയിലൂടെ അളവില്‍ കൂടുതല്‍ മദ്യം എത്തിച്ച് കരിഞ്ചന്തയില്‍ ലഭ്യമാക്കിയതാണ് കര്‍ശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്.
സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്. 100 ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് സാധാരണ ലഭിക്കുന്ന ശിക്ഷ. നിയമം ലംഘിക്കുന്നവര്‍ പ്രവാസികളാണെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരും. അടുത്തിടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


