30
Sep 2024
Fri
30 Sep 2024 Fri
Savitri Jindal

ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ ബിജെപിക്കു വീണ്ടും വന്‍ തിരിച്ചടി.(Savitri Jindal leaves BJP)  ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ കൂടിയായ സാവിത്രി ജിന്‍ഡാല്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപി വിട്ടു. നേരത്തേ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ബിജെപി വിട്ട് എഎപിയില്‍ ചേര്‍ന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിസാര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാവിത്രി ജിന്‍ഡാല്‍ പത്രിക സമര്‍പ്പിച്ചു. ജിന്‍ഡാല്‍ കുടുംബത്തിന് വലിയ സ്വാധീനമുള്ള ഹിസാര്‍ മണ്ഡലത്തില്‍ സാവിത്രി മത്സരിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാവും.

ഹിസാര്‍ മണ്ഡലത്തില്‍ നിലവിലെ ബിജെപി സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ കമല്‍ ഗുപ്ത പത്രിക നല്‍കിയതിന് പിന്നാലെയാണ് സാവിത്രി ജിന്‍ഡാലും പത്രിക സമര്‍പ്പിച്ചത്. രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയില്‍ സാവിത്രി ജിന്‍ഡാല്‍ പ്രസിദ്ധയാണ്. ഇവരുടെ മകന്‍ നവീന്‍ ജിന്‍ഡാല്‍ നിലവില്‍ കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപിയാണ്.

ALSO READ: ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി; കൊഴിഞ്ഞ് പോക്ക് തുടരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നാണ് നവീന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോയത്. തുടര്‍ന്ന് അദ്ദേഹം രണ്ട് തവണ മത്സരിച്ച കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്ന് തന്നെ തിരിഞ്ഞെടുക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹിസാറില്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെയും മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെയും സാന്നിധ്യത്തില്‍ സാവിത്രി ജിന്‍ഡാലും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മുന്‍പ് കോണ്‍ഗ്രസ് നിയമസഭാംഗവും മന്ത്രിയുമായിരുന്നിട്ടുള്ള സാവിത്രി, തന്റെ കുടുംബം പതിറ്റാണ്ടുകളായി അധികാരത്തില്‍ തുടരുന്ന ഹിസാറില്‍ നിന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ബിജെപി ടിക്കറ്റ് നിക്ഷേധിച്ചതോടെയാണ് അവര്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

താന്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും, ബിജെപിയുമായി അകല്‍ച്ച ഉണ്ടെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിട്ടില്ല എന്നും സാവിത്രി വ്യക്തമാക്കി.

സാവിത്രിയുടെ ഭര്‍ത്താവും ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിന്‍ഡാല്‍ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ (1991, 2000, 2005) ഹിസാറില്‍ നിന്ന് വിജയിച്ചിരുന്നു. 2005 ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുമ്പോള്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

2005-ല്‍ ഓം പ്രകാശ് മരിച്ച ശേഷം ഹിസാറില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അവര്‍ ഹൂഡ സര്‍ക്കാരില്‍ മന്ത്രിയായി. 2009 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഹിസാര്‍ സീറ്റില്‍ വിജയിക്കുകയും 2013 ല്‍ ഹൂഡ സര്‍ക്കാരില്‍ വീണ്ടും മന്ത്രിയാകുകയും ചെയ്തു. 2014 നടത്തിയ തിരഞ്ഞെടുപ്പില്‍ ഹിസാറില്‍ നിന്ന് തോറ്റിരുന്നു.