21
Aug 2022
Mon
21 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ഹാഥ്രസ് കൂട്ടബലാത്സം​ഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇടപെടൽ. ജാമ്യാപേക്ഷയിൽ യുപി സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

 

അടുത്തമാസം ഏഴിനകം മറുപടി നൽകണം എന്നാണ് നോട്ടീസിലെ നിർദേശം. ഹരജി സെപ്തംബർ ഒമ്പതിന് വീണ്ടും പരി​ഗണിക്കും. അന്നു തന്നെ  ഹരജി തീർപ്പാക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരി​ഗണിച്ചത്.

 

അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. ഈമാസം 24ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ അഡ്വ. ഹാരിസ് ബീരാൻ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ജാമ്യാപേക്ഷ എത്താൻ വൈകിയതെന്തെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എൻവി രമണ ചോദിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ഈ മാസം ആദ്യം മാത്രമാണെന്നും അതിനാലാണ് ജാമ്യാപേക്ഷ വൈകിയതെന്നും അഭിഭാഷകർ മറുപടി നൽകി. രണ്ട് വർഷമായി കാപ്പൻ ജയിലിലാണെന്നും അഭിഭാഷകർ അറിയിച്ചു.

 

ദലിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാനായി ഹാഥ്രസിലേക്ക് പോവുന്നതിനിട ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത കാപ്പനെതിരെ കലാപക്കുറ്റത്തിനൊപ്പം യുഎപിഎയും ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. ഇതോടൊപ്പം ഇഡി കേസും ചുമത്തിയിരുന്നു.

 

കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യുപി പൊലീസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്. കാപ്പന്റെ ഡ്രൈവർ മുഹമ്മദ് ആലമിന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിലാണ് കേസ് ആദ്യം എത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹരജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സുപ്രിംകോടതിയിൽ പ്രതീക്ഷയുണ്ടെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ് പറഞ്ഞു.