ലോകകപ്പ് സന്നാഹം; തിരുവനന്തപുരത്ത് നാല് മത്സരങ്ങള്‍
|
തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള സന്നാഹ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാല് മത്സരങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ആകെ പത്ത് സന്നാഹ മത്സരങ്ങളാണ് അരങ്ങേറുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ്, എന്നിവിടങ്ങളാണ് വേദികള്‍. ലോകകപ്പില്‍ ഒരുമത്സരങ്ങളും കേരളത്തില്‍ നടത്താത്തത് വിവാദമായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ അടക്കം ഒന്നിലധികം മത്സരങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എങ്കിലും സന്നാഹ മത്സരങ്ങള്‍ മാത്രമാണ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അതിന്റെ ഫിക്‌സചര്‍ ആണ് ഇപ്പോള്‍ തയാറായത്.
ഇന്ത്യയുടെ ഒരു മത്സരവും ഗ്രീന്‍ഫീല്‍ഡില്‍ അരങ്ങേറും. ഒക്ടോബര്‍ മൂന്നിനു നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ ഗ്രീന്‍ഫീല്‍ഡിലെ സന്നാഹ മത്സരം. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്‍, 30നു ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ്, ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക പോരാട്ടങ്ങളാണ് ഗ്രീന്‍ഫീല്‍ഡില്‍ അരങ്ങേറുക.
ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍. മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിതരണം ചെയ്യുമെന്നു ബിസിസിഐ വ്യക്തമാക്കി.


