23 വര്‍ഷത്തിന് ശേഷം സ്വര്‍ണകിരീടവുമായി വരുന്ന ‘കണ്ണൂര്‍ സ്‌ക്വാഡി’നെ സ്വീകരിക്കാനൊരുങ്ങി നാട്; വാദ്യമേളങ്ങളോടെ മാഹിയില്‍ ഗംഭീര സ്വീകരണം
|
കണ്ണൂര്‍: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വര്‍ഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേല്‍ക്കുന്നത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വരവേല്‍ക്കുന്നത്. ശേഷം തുറന്ന വാഹനത്തില്‍ കണ്ണൂരിലേക്ക് പുറപ്പെടും. വൈകിട്ട് കണ്ണൂര്‍ നഗരത്തിലും പ്രത്യേക സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനുശേഷം കൗമാരകലാ മേളയുടെ സ്വര്‍ണ കിരീടം കണ്ണൂരിന്റെ മണ്ണിലേക്കെത്തുകയാണ്. തോറ്റംപാട്ടിന്റെ അലയൊലികളുയരുന്ന നാട് അതൊരു ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്.
കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂരിലെത്തുന്ന ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹഌദ പ്രകടനവും ഉണ്ടാകും. കലോത്സവത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പന്‍ സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും.
ഇത് നാലാം തവണയാണ് കണ്ണൂര്‍ കലാകിരീടത്തില്‍ മുത്തമിടുന്നത്. ഇതിനുമുന്‍പ് 1997, 1998, 2000 വര്‍ഷങ്ങളിലാണ് കണ്ണൂര്‍ കപ്പ് നേടിയത്. 2000ല്‍ ഒന്നാം സ്ഥാനം എറണാകുളവുമായി പങ്കുവെക്കേണ്ടിയും വന്നു.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വര്‍ണ കപ്പ് കൈമാറിയത് മന്ത്രി വി ശിവന്‍ കുട്ടിയാണ്. മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പരാജയങ്ങള്‍ കലയെ ബാധിക്കരുതെന്ന് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് ഒരുപോലെ അവസരങ്ങളുണ്ട്. കലകള്‍ക്ക് കേരളത്തില്‍ വിവേചനമില്ല. ഇത്തരത്തില്‍ വിവേചനമോ വേര്‍തിരിവോ ഇല്ലാതെ കലകള്‍ അവതരിപ്പിക്കപ്പെടുന്നത് യുവജനോത്സവങ്ങളിലായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.


