24
Jul 2024
Sun
24 Jul 2024 Sun
hypnotism school students kodungalloor

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ഒരു സ്‌കൂളില്‍ ഹിപ്‌നോട്ടിസം പരീക്ഷിച്ച 4 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബോധരഹിതരായി. (School students experiment with hypnotism; Despite splashing with water, they did not regain consciousness;) വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂട്യൂബ് വിഡിയോ നോക്കിയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം 2 പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് ബോധം നഷ്ടപ്പെട്ടത്. വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്നു താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ 3 പേര്‍ക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.

ഇവരെ തിരികെ സ്‌കൂളില്‍ എത്തിച്ചപ്പോഴേക്ക് മറ്റൊരു പെണ്‍കുട്ടി കൂടി ബോധരഹിതയായി. ഈ കുട്ടി തനിച്ചാണ് ഹിപ്‌നോട്ടിസം പരീക്ഷിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും വിദഗ്ധ പരിശോധനയ്ക്ക് എ.ആര്‍.മെഡിക്കല്‍ സെന്ററിലും എത്തിച്ചു. വൈകിട്ടോടെ കുട്ടികള്‍ സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്ന് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു.

വൈദഗ്ധ്യം ഇല്ലാത്തവര്‍ ചെയ്യരുത്
ഹിപ്‌നോട്ടിസത്തില്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ ചെയ്താല്‍ അബോധാവസ്ഥയിലാകാന്‍ സാധ്യതയുണ്ടെന്ന് കൊടുങ്ങല്ലൂര്‍ എ.ആര്‍. മെഡിക്കല്‍ സെന്റര്‍ ശിശുരോഗ വിഭാഗം മേധാവി ഡോ.അബ്ദുല്‍ മജീദ് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ തിരികെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. ഇല്ലെങ്കില്‍ അപകടം സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.