സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ ഒരു ക്ലാസിലെ കുട്ടികളുടെ 25ഉം, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35ഉം ആക്കി കുറയ്ക്കാനും കമ്മിറ്റി നിർദേശിച്ചു.
|
കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം ഖാദർ കമ്മിറ്റി റിപോർട്ടിന്റെ രണ്ടാംഭാഗം അംഗീകരിക്കുകയും ചെയ്തു. ചർച്ചയ്ക്കുശേഷം സമവായത്തിൽ ശുപാർശ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
സെക്കൻഡറി തലത്തിൽ ( 8-12 ) അധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത, പി.എച്ച്ഡി തലം വരെ അധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം, ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം, പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കണം, തസ്തികാ നിർണയം പരിഷ്‌കരിക്കണം, അധ്യാപക സ്ഥലംമാറ്റം, ഓഫിസ് സംവിധാനങ്ങൾ എന്നിവ പരിഷ്‌കരിക്കണം, നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യം, ഗ്രേസ് മാർക്ക് തുടരാം. മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്കരിക്കണം, പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണം തുടങ്ങിയവയാണ് ഖാദർ കമ്മിറ്റി റിപോർട്ടിലെ മറ്റ് നിർദേശങ്ങൾ
ALSO READ: ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം





