പത്തനംതിട്ട: സംഘടനയുടെ സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ആന്റോ ആന്റണിയുടെ ഓഫീസിലെത്തി എസ്ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. എസ്ഡിപിഐയുടെ സ്ഥാപക ദിനമായ ജൂണ്‍ 21നാണ് ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തി എസ്ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയത്.
|
എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരുമാണ് എംപിയുടെ ഓഫീസിലെത്തി അദ്ദേഹത്തിനും അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ലഡു വിതരണംചെയ്തത്. നേതാക്കള്‍ ഓഫിസിലേക്ക് വരുന്നതിന്റെയും മധുരം നല്‍കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് എസ്ഡിപിഐ പ്രചരിപ്പിക്കുകയുംചെയ്തതോടെയാണ്, സംഭവം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായത്. റീല്‍സ് സമൂഹമാധ്യമത്തിലൂടെ വ്യാപകമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരിപ്പിച്ചത്.

എന്നാല്‍ സമൂഹത്തിലെ പല സംഘടനകളും ആളുകളും തന്റെ ഓഫീസില്‍ വരാറുണ്ടെന്നാണ് വിവാദത്തോട് ആന്റോ ആന്റണി പ്രതികരിച്ചത്. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള പ്രവര്‍ത്തകരും വരാറുണ്ടെന്നും അവരെയെല്ലാം എംപി ഓഫീസില്‍ വരരുതെന്ന് പറഞ്ഞ് തടയാന്‍ കഴിയില്ലെന്നും എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തുന്നതാണ് തന്റെ രീതിയെന്നും ആന്റോ ആന്റണി വിശദീകരിച്ചു.
ഓഫീസിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വന്നു. അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി. താന്‍ അത് സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്?. വന്നവര്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ടവരാണെന്നും, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.
Controversy over SDPI leaders visiting Congress leader and MP Anto Antony’s office and offering sweets on Founder’s Day. On June 21, Founder’s Day, SDPI leaders visited Anto Antony’s MP office in Pathanamthitta and offered sweets.


