28
Mar 2024
Thu
28 Mar 2024 Thu
welfare party sdpi

കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാമ നിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് തുടക്കം കുറിച്ചിട്ടും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ ചെറു കക്ഷികള്‍ നിലപാട് പ്രഖ്യാപിക്കാത്തത് പ്രധാന മുന്നണികള്‍ക്ക് ചങ്കിടിപ്പേറ്റുന്നു. പല മണ്ഡലങ്ങളിലും ഈ മൂന്ന് പാര്‍ട്ടികളുടെയും വോട്ടുകള്‍ നിര്‍ണായകമാണെന്നതിനാല്‍ അവ എങ്ങോട്ട് മറിയുമെന്ന് നോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ( SDPI, Welfare Party, PDP election policy in Keralain kerala )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് മുന്നണികളും സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞ് പ്രചാരണത്തില്‍ ബഹുദൂരം മൂന്നോട്ട് പോയെങ്കിലും എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഇനിയും മനസ്സു തുറന്നിട്ടില്ല. ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പതിവ് രീതിയില്‍ നിന്ന് പിഡിപി ഇക്കുറിയും മാറാന്‍ സാധ്യതയില്ല. മാത്രമല്ല, പാര്‍ട്ടിക്ക് പഴയത് പോലെ ജനപിന്തുണ ഇല്ലെന്നതും പിഡിപി നിലപാട് അപ്രസക്തമാക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി 2019 മുതല്‍ തുടരുന്ന യുഡിഎഫ് അനുകൂല നിലപാട് ഇക്കുറിയും സ്വീകരിക്കാനാണ് സാധ്യത. എന്നാല്‍, പിന്തുണ പരസ്യമായി പ്രഖ്യാപിക്കുമോ എന്ന് കണ്ടറിയണം. 2021ലെ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ദോഷം സൃഷ്ടിച്ചുവെന്ന് പ്രഖ്യാപിച്ചത് അണികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. മാത്രമല്ല, യുഡിഎഫ്-വെല്‍ഫെയര്‍ ബന്ധത്തിനെതിരേ സുന്നീ, മുജാഹിദ് സംഘടനകള്‍ രംഗത്തെത്തിയതും ആശയക്കുഴപ്പം സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ ഇക്കുറി പരസ്യമായി പ്രചാരണ രംഗത്തിറങ്ങാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തയ്യാറാവില്ലെന്നാണ് അറിയുന്നത്.

വെല്‍ഫെയര്‍, പിഡിപി പിന്തുണ ഏറെക്കുറെ വ്യക്തമാണെന്നരിക്കേ സംസ്ഥാനത്ത് എസ്ഡിപിഐയുടെ നിലപാട് അറിയാനാണ് മുന്നണികള്‍ കാത്തിരിക്കുന്നത്. 2019ല്‍ 9 മണ്ഡലങ്ങളില്‍ മല്‍സരിച്ച പാര്‍ട്ടി പല മണ്ഡലങ്ങളിലും നിര്‍ണായകമായ വോട്ടുകള്‍ നേടിയിരുന്നു. പൊന്നാനിയില്‍ മല്‍സരിച്ച അഡ്വ. കെസി നസീര്‍ 18000ത്തിലധികം വോട്ട് നേടിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വിടി ഇക്റാമുല്‍ ഹഖ് 26000ത്തിലധികം വോട്ട് നേടി. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് 2021ല്‍ മലപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വേണ്ടി മല്‍സരിച്ച തസ്ലീം റഹ്‌മാനി 46,758 വോട്ടുകളാണ് നേടിയത്.

എന്നാല്‍, ഇക്കുറി എസ്ഡിപിഐ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ തിരഞ്ഞെടുപ്പ് നിലപാട് എന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലും കര്‍ണാടകത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്നും പകരം ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ആവശ്യമായ നിലപാട് സ്വീകരിക്കാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തില്‍ പൊതുവേയുള്ള ധാരണ. സാമ്പത്തിക പ്രതിസന്ധിയും പാര്‍ട്ടിയെ അലട്ടുന്നുണ്ട്.
എന്നാല്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യവും എസ്ഡിപിഐ പരിഗണിക്കുന്നുണ്ട്.

ബാക്കി മണ്ഡലങ്ങളില്‍ പൊതുവേ യുഡിഎഫിന് അനുകൂലമാണ് എസ്ഡിപിഐ നിലപാട് എന്നാണ് സൂചന. സിഎഎ, ജാതി സെന്‍സസ്, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാട് തികഞ്ഞ കാപട്യമാണെന്ന നിലപാടാണ് എസ്ഡിപിഐക്ക്. ഏത് മുന്നണികളെ പിന്തുണക്കാന്‍ തീരുമാനിച്ചാലും അത് പരസ്യമായി പ്രഖ്യാപിക്കാനാണ് എസ്ഡിപിഐ നീക്കം.

അതേസമയം, ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലുള്‍പ്പെടുത്തിയ അഞ്ച് മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവയാണവ. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലത്തിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇവിടെ മുന്നണി നോക്കാതെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കാണ് വോട്ട് രേഖപ്പെടുത്തുക എന്ന് എസ്ഡിപിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.