തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ അഞ്ചുപൈസ കുറയ്ക്കില്ലെന്ന് സംസ്ഥാന സർക്കാർ ഉറച്ചുനിന്നതോടെ ബഹളത്തിൽ മുങ്ങിയതിനാൽ നിയമസഭ ഇന്ന് രാവിലെ തന്നെ പിരിഞ്ഞു. ഇന്ധന സെസിൽ പ്രതിപക്ഷം കാര്യങ്ങൾ മനസ്സിലാക്കി സർക്കാരിനോട് സഹകരിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സെസ് കുറയ്ക്കണോ എന്നത് പരിഗണിക്കാനോ ചർച്ച ചെയ്യാനോ ഉള്ള അവസരമൊന്നും വന്നില്ല. ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തീവെട്ടിക്കൊള്ളയാണെന്ന വാർത്തകൾ വന്നു. സെസ് കുറയ്ക്കാൻ ആലോചിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
|
കുറയ്ക്കാനാണെങ്കിൽ അഞ്ചു രൂപ വർധിപ്പിച്ചിട്ട് രണ്ടു രൂപ കുറയ്ക്കാമല്ലോ. അപ്പോൾ കുറച്ചെന്നുമായി, മൂന്നു രൂപ മേടിക്കാനുമാകും. അത്തരത്തിൽ ആലോചിച്ചിട്ടില്ല. യഥാർത്ഥത്തിൽ ഏറ്റവും കുറവു വർധനയാണ് ലക്ഷ്യമിട്ടത്. പത്തുശതമാനമാണ് ആകെ വേണ്ടത്. കുറയ്ക്കാൻ വേണ്ടി ആലോചിച്ചുള്ള കൂട്ടലല്ല നടത്തിയത്. നാളെ നാട്ടിലെ ജനങ്ങൾക്ക് സഹായം നൽകുക ലക്ഷ്യമിട്ടാണ് വർധന വരുത്തിയത്. മിനിമം ഉത്തരവാദിത്തം എന്ന നിലയിലാണ് അതു ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെയോ ആരുടേയും സമരം കൊണ്ടല്ല ഇളവ് അനുവദിക്കാത്തത്. ആരുടേയും സമരം തള്ളിക്കളയുന്നവരല്ല ഇടതുസർക്കാർ. വലിയ പ്രക്ഷോഭങ്ങളിലൂടെ വളർന്നുവന്ന പാർട്ടിയിൽപ്പെട്ടവരാണ് താനുൾപ്പെടെയുള്ളവർ. സമരങ്ങളെയോ, ഉന്നയിക്കുന്ന ആവശ്യങ്ങളെയോ സർക്കാർ നോക്കാതിരിക്കില്ല. സമരത്തിന് വേണ്ടിയുള്ള സമരമാണിത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷം അടക്കം ആരോടും നെഗറ്റീവ് ആയ സമീപനമില്ല.
കേരളം നമ്മളെ ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചു. ആ ഉത്തരവാദിത്തത്തോട് നീതി പുലർത്തിയോ, ഇങ്ങനെയാണോ ചെയ്യേണ്ടിയിരുന്നതെന്ന് നാളെ ചോദ്യമുണ്ടായാൽ മറുപടി പറയാൻ ഓരോ രാഷ്ട്രീയ പ്രവർത്തകനും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ചും ഭരണരംഗത്തുള്ളവർക്ക്. അതിനാൽ ആ താൽപ്പര്യം ഉയർത്തിപ്പിടിക്കാനാണ് താൻ ശ്രമിച്ചത്. പ്രതിപക്ഷം അടക്കം എല്ലാവരോടും ആ അഭ്യർത്ഥനയാണ് താൻ നടത്തുന്നതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സെസിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് നടന്നാണ് നിയമസഭയിലേക്ക് എത്തിയത്. നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേത്തുടർന്ന് ചോദ്യോത്തരവേള സ്പീക്കർ സസ്‌പെൻഡ് ചെയ്തു.
കാര്യവിവരപ്പട്ടികയിലെ രേഖകൾ മന്ത്രിമാർ സഭയുടെ മേശപ്പുറത്തു വെച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. ഇനി ആ മാസം 27 നാണ് നിയമസഭ വീണ്ടും സമ്മേളിക്കുക. അതിനിടെ, പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കിയ സാഹചര്യത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



