ആറായിരത്തിലേറെ പേരുടെ ജീവനെടുത്ത തുര്‍ക്കിയിലെയും സിറിയയിലെയും തര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതു തുടരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അടിയില്‍ നിന്ന് 17 മണിക്കൂറിനു ശേഷം സഹോദരങ്ങളായ രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി.
|
രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഏഴുവയസ്സുകാരി അനുജന്റെ തലയ്ക്കു മുകളില്‍ കൈവച്ച് സുരക്ഷാകവചമൊരുക്കിയിരിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കുഞ്ഞനുജനൊരു പോറല്‍ പോലുമേല്‍ക്കാതിരിക്കാന്‍ ഏഴുവയസ്സുകാരി കാട്ടുന്ന ജാഗ്രതയുടെ നേര്‍ചിത്രം ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. നിവരാന്‍ പോലുമാവാത്ത വിധം കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കുട്ടികള്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴും പ്രസന്നത കൈവിടാതെയായിരുന്നു ഇരുവരും ഇവിടെ കിടന്നിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുരാജ്യങ്ങളിലും വലിയ ഭൂചലനങ്ങളുണ്ടായതും കെട്ടിടങ്ങള്‍ നിലംപൊത്തിയതും. രക്ഷാപ്രവര്‍ത്തനത്തിനിടെയും തുടര്‍ചലനങ്ങളുണ്ടാവുകയും കൂടുതല്‍ നാശങ്ങള്‍ ഉണ്ടാവുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ അന്താരാഷ്ട്ര സമൂഹം ഇരുരാജ്യങ്ങളിലേക്കും വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണവും അടക്കമുള്ള സഹായങ്ങളും സമാഹരിച്ച് അയച്ചുകൊണ്ടിരിക്കുകയാണ്.



