|
കൊച്ചി: പോക്‌സോ വകുപ്പിന് കീഴിലെ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ച് കേരളാ ഹൈക്കോടതി. കുട്ടികളുടെ മുന്നില്‍ വെച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമായ പ്രവൃത്തികളാണെന്നും അതിനാല്‍ പ്രതികള്‍ പോക്‌സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും കോടതി വിധിച്ചു.
അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
ഹോട്ടല്‍ മുറിയില്‍വച്ചാണ് പ്രതി സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹോട്ടലിന്റെ മുറിയുടെ വാതിലടക്കാതെയായിരുന്നു സെക്‌സ് ചെയ്തത്. വാതില്‍ തുറന്നെത്തിയ കുട്ടി രംഗം കണ്ടതോടെ കുട്ടിയെ പ്രതി മര്‍ദിച്ചു. ഇതിന്റെ പേരില്‍ പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ശരിയല്ലെന്നായിരുന്നു പ്രതി വാദിച്ചത്. എന്നാല്‍ ഒരാള്‍ കുട്ടിക്ക് മുന്നില്‍ തന്റെ നഗ്‌നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് പ്രതിയുടെ വാദം തള്ളി ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
ഇവിടെ ഹര്‍ജിക്കാരന്‍ കുട്ടിക്ക് മുന്നില്‍ നഗ്‌നനാവുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരം അത് തെറ്റാണ്. വാതില്‍ പൂട്ടാതിരുന്നത് കൊണ്ട് കുട്ടി അകത്തേക്ക് വന്ന് സെക്‌സ് രംഗം കണ്ടു. അതുകൊണ്ടുതന്നെ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കും. കുട്ടിയെ ഹര്‍ജിക്കാരന്‍ തല്ലിയത് ക്രിമിനല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ക്ക് കീഴിലും വരുമെന്നും കോടതി വ്യക്തമാക്കി.
പ്രതിയുടെ ഹരജികള്‍ തള്ളിയ കോടതി ഹരജിക്കാരനോട് പോക്‌സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടു.
Sex and nudity in front of children are offences, says kerala HC


