ഹേമ കമ്മിറ്റി തുറന്നു വിട്ട കൊടുങ്കാറ്റ് തമിഴിലേക്കും വ്യാപിക്കുന്നു. (Sexual harassment allegation in Tamil cinema too) തമിഴിലെ മുതിര്‍ന്ന നടിയും സീരിയല്‍ നിര്‍മാതാവുമായ കുട്ടി പത്മിനി സിനിമാ രംഗത്ത് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നടിച്ചു. പലതും സഹിച്ചാണ് തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ നിലനില്‍ക്കുന്നത്. സഹനത്തിന് കഴിയാത്ത പലരും ആത്മഹത്യ ചെയ്‌തെന്നും അവര്‍ തുറന്നടിച്ചു.
|
”സംവിധായകര്‍, ടെക്‌നീഷ്യന്മാര്‍ തുടങ്ങിയവരൊക്കെ കിടപ്പറ പങ്കിടണമെന്ന ഉപാധി നടിമാര്‍ക്കു മുന്നില്‍ വയ്ക്കുന്നു. ഇത് സാധാരണം എന്ന പോലെയായിരിക്കുന്നു. ഡോക്ടര്‍, അഭിഭാഷകര്‍, ഐടി തുടങ്ങിയ തൊഴില്‍രംഗം പോലെ ഒരു ജോലിയല്ലേ അഭിനയവും. പിന്നെ എങ്ങനെയാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റെത് ആകുന്നത് എന്ന് കുട്ടി പത്മിനി ചോദിച്ചു.
ALSO READ: A.M.M.Aയിലെ പ്രശ്‌നം ഫെഫ്കയിലേക്കും; ആഷിഖ് അബു രാജിവച്ചു
ബാലതാരമായിരിക്കെ ഹിന്ദി സിനിമ സെറ്റില്‍ മോശം അനുഭവമുണ്ടായി. പ്രതികരിച്ചപ്പോള്‍ സിനിമയില്‍നിന്ന് പുറത്താക്കി. തന്റെ അമ്മ വിഷയം പുറത്തുപറഞ്ഞതോടെയാണ് സിനിമയില്‍നിന്ന് ഒഴിവാക്കിയത്.
തെളിയിക്കാനുള്ള കഷ്ടപ്പാട് ആലോചിച്ചാണ് പല സ്ത്രീകളും ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാതിപ്പെടാത്തത്. എല്ലാം സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്കു വന്‍ സാമ്പത്തികനേട്ടമുണ്ടാക്കാനാകുമെന്നതാണ് സിനിമ സീരിയല്‍ രംഗത്തെ സാഹചര്യം.
തമിഴ് സിനിമ, സീരിയല്‍ രംഗത്തെ ലൈംഗികപീഡനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകള്‍ നടത്തിയ ചിന്മയിക്കും ശ്രീ റെഡ്ഡിക്കും ജോലിയില്‍ വിലക്കുകളും ഭീഷണിയും നേരിടേണ്ടി വന്നു. നടന്‍ രാധാ രവിക്കെതിരെ ആരോപണമുന്നയിച്ചവരെ പിന്തുണച്ചതോടെ ചിന്മയിയെ പൂര്‍ണമായി വിലക്കി.
സിനിമ, സീരിയല്‍ രംഗത്തെ സംഘടനകളിലൊന്നും അംഗത്വം പുതുക്കി നല്‍കിയില്ല. ശ്രീ റെഡ്ഡിക്കും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നതെന്നും കുട്ടി പത്മിനി വിശദമാക്കി.
ആദ്യം തുറന്നടിച്ചത് വിശാല്‍

തമിഴ് സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി താര കൂട്ടായ്മ ‘നടികര്‍ സംഘ’ത്തിന്റെ ജനറല്‍ സെക്രട്ടറി വിശാല്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തമിഴ് സിനിമയില്‍ 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ പെടുന്നുണ്ട്. 20 ശതമാനം പേര്‍ക്ക് മാത്രമേ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. ചില നടികള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം ബൌണ്‍സര്‍മാരെ വെയ്‌ക്കേണ്ട അവസ്ഥയാണെന്നും വിശാല്‍ പറഞ്ഞിരുന്നു.
തമിഴിലും ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.





