01
Jun 2023
Fri
01 Jun 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണർ കെ സേതുരാമൻ. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷാഫലത്തിൽ തന്റെ പേര് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. മാർക്ക് ലിസ്റ്റിൽ കരുതിക്കൂട്ടി ചിലർ തിരിമറി നടത്തിയതായാണെന്ന് ആരോപിച്ച് ആർഷോ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാൻ ഡിജിപി നിർദേശിച്ചിരുന്നു.

ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്ററായിരുന്ന അധ്യാപകനാണ് ഇതിന്റെ പിന്നിലെന്നും ആർഷോ ആരോപണം ഉന്നയിച്ചിരുന്നു. ഈ അധ്യാപകനെതിരെ നൽകിയ പരാതികളും ഇതേ തുടർന്ന് അദ്ദേഹത്തെ ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്റർ പദവിയിൽ നിന്ന് നീക്കംചെയ്തതും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആർഷോ ആരോപിക്കുന്നു.

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും ആർഷോയ്ക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു. എന്നാൽ, മാർക്ക് ലിസ്റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 23ന് പ്രസിദ്ധീകരിച്ച ഫലമാണ് വിവാദമായത്. മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്ന നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ സോഫ്‌റ്റ്വെയറിലെ പിഴവാണെന്നാണ് കോളജ് വിശദീകരിച്ചത്. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.