തിരുവനന്തപുരം: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. നിഖിലിന്റെ സർട്ടിഫിക്കറ്റും മാർക്കും പരിശോധിച്ചെന്നും എല്ലാം നിയമപ്രകാരം ഉള്ളതാണെന്നും ആർഷോ പറഞ്ഞു.
|
ആരോപണമുയർന്ന ബിരുദ സർട്ടിഫിക്കറ്റ് ഇന്നു രാവിലെയാണ് നിഖിൽ എസ്എഫ്ഐ നേതാക്കൾക്ക് കൈമാറിയത്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചതായി ആർഷോ പറഞ്ഞു. ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഓരോ സെമസ്റ്ററിലെ മാർക്ക് ലിസ്റ്റും പരിശോധിച്ചു. ഒരു മാർക്ക് ലിസ്റ്റ് പോലും വ്യാജമല്ല. കേരള സർവകലാശാലയിൽ പിജി പ്രവേശനം നേടുന്നതിന് കലിംഗാ സർവകലാശാലയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ രേഖയും പരിശോധിച്ചതായി ആർഷോ അറിയിച്ചു. സംഘടനയ്ക്കകത്ത് ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017-20 കാലഘട്ടത്തിലെ ബി.കോം വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ 2021ൽ ഇതേ കോളജിൽ ഇയാൾ എം.കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്. കേരള യൂണിവേഴ്സിറ്റിയിലെ കോഴ്സ് റദ്ദാക്കിയാണ് നിഖിൽ കലിംഗ യൂണിവേഴ്സിറ്റിയിൽ ചേർന്നിട്ടുള്ളതെന്ന് ആർഷോ പറഞ്ഞു.





