ദോഹ: തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം അകലെ നില്‍ക്കേ പ്രവാസ ലോകത്ത് പ്രചാരണ ആവേശത്തിന് ചൂട് പിടിക്കുന്നു. ഒന്നര ലക്ഷത്തോളം വോട്ടര്‍മാരുണ്ടെന്ന് കരുതുന്ന പ്രവാസ ലോകത്ത് പല സ്ഥാനാര്‍ഥികളും നേരിട്ടെത്തി വോട്ട് ചോദിക്കുകയാണ്. പ്രവാസികള്‍ കൂടുതല്‍ താമസിക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ഥികളാണ് നേരിട്ടെത്തി വോട്ടര്‍മാരെ കാണുന്നത്. ( Shafi Parambil visits Sharjah and Doha )
|
പ്രചാരണത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി ശാഫി പറമ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയിലും ഖത്തറിലുമെത്തി. വടകര മണ്ഡലത്തിലെ, പ്രത്യേകിച്ച് നാദാപുരം മേഖലയിലെ ആയിരക്കണക്കിന് ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.
താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രവാസികളുടെ ശബ്ദമായി മാറുമെന്ന് ദോഹയില്‍ ലഭിച്ച ഉജ്വല സ്വീകരണത്തില്‍ ശാഫി പറമ്പില്‍ പറഞ്ഞു. പറയേണ്ടിടത്ത് പറയാനും ചോദിക്കേണ്ടിടത്ത് ചോദിക്കാനും വാങ്ങേണ്ടത് വാങ്ങാനും തന്നെ ജയിപ്പിച്ചാല്‍ കൂടെയുണ്ടാവുമെന്ന് ശാഫി പറഞ്ഞു. വന്‍ കരഘോഷത്തോട് കൂടിയാണ് ശാഫിയുടെ ഈ പ്രഖ്യാപനം ദോഹയിലെ പ്രവാസികള്‍ സ്വീകരിച്ചത്.
ഷാര്‍ജയിലെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഷാഫി ദോഹയിലെത്തിയത്. ദുബൈ വിമാനത്താവളം മുതല്‍ വന്‍ ജനക്കൂട്ടമാണ് ഷാഫിയെ കാത്തുനിന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ രാത്രി 11ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പൂര്‍ത്തിയാകും വരെയും സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പ്രവാസികള്‍ പങ്കെടുത്തു. കെഎംസിസി, ഇന്‍കാസ്, ആര്‍എംപിഐ സംഘടനകള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.
ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ പരമാവധി പ്രവാസികളെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാനാണ് പാര്‍ട്ടികളുടെ ശ്രമം. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഗള്‍ഫിലെത്തും. പല പ്രവാസികളും തിരഞ്ഞെടുപ്പു ദിവസത്തേക്ക് നാട്ടിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവധിക്കാലത്ത് കുടുംബത്തെ പ്രവാസ ലോകത്തേക്ക് കൊണ്ടു വരുന്നവര്‍ അത് തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവയ്ക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.


