28
Mar 2023
Mon
28 Mar 2023 Mon

ലഖ്‌നൗ: ശിയാ വിഭാഗക്കാർ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലും മദീനയിലെ ജന്നത്തുൽ ബഖീഇന്റെ പകർപ്പുകൾ നിർമ്മിക്കാൻ അഖിലേന്ത്യ ശിയ പേഴ്‌സണൽ ലോ ബോർഡ് അഭ്യർത്ഥിച്ചു. 100 വർഷം മുമ്പ് മദീനയിലെ ജന്നത്തുൽ ബഖീഇന്റെ ഇസ്‌ലാമിക ഖബർസ്ഥാൻ തകർത്ത സൗദി രാജവാഴ്ചയ്‌ക്കെതിരെ പ്രതിഷേധ യോഗം നടത്തുന്നതിന്റെ ഭാഗമായാണ് ശിയാ വിഭാഗക്കാരുടെ ആഹ്വാനം. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ജന്നത്തുൽ ബഖീഇൽ വലിയ തോതിൽ ഇടിച്ചുനിരപ്പാക്കൽ നടന്നിരുന്നു. മഖ്ബറകളും കെട്ടിപ്പൊക്കിയ ഖബറുകളും നശിപ്പിക്കണം എന്ന ആശയമുള്ള വഹാബി പ്രസ്ഥാനത്തിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടിച്ചുനിരപ്പാക്കലെന്നാണ് റിപ്പോർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുണ്യസ്ഥലം തകർക്കപ്പെട്ടതിന്റെ 100ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ശിയാ മുസ്ലീങ്ങൾ പ്രതിഷേധം തുടരണമെന്നും ബോർഡ് അംഗങ്ങൾ ആവശ്യപ്പെട്ടു. ജന്നത്തുൽ ബഖീഅ് പുനർനിർമിക്കുന്നതിന് സൗദി അറേബ്യൻ സർക്കാരിൽ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബോർഡ് പ്രസിഡന്റ് മൗലാന സെയ്ം മെഹ്ദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

വിശുദ്ധ ആരാധനാലയങ്ങൾ ബലിയർപ്പിക്കുന്നത് ഖുർആൻ പ്രബോധനത്തിനും പ്രവാചക പാരമ്പര്യത്തിനും എതിരാണ്. ശിയാക്കളെ വംശഹത്യ ചെയ്യാൻ സൗദി അറേബ്യ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദ സംഘടനകൾക്ക് ഫണ്ട് നൽകുന്നുവെന്ന് ബോർഡ് ജനറൽ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസ് പറഞ്ഞു.