01
Feb 2023
Thu
01 Feb 2023 Thu

ഡല്‍ഹി: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് യുവതിയും മകനും പൂട്ടിയിട്ട വിട്ടീല്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം. ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം.സുജന്‍ മാജിയുടെ ഭാര്യ മുന്‍മുന്‍ മാജിയും 10 വയസ്സുകാരനായ മകനുമാണ് മൂന്ന് വര്‍ഷം പുറം ലോകം കാണാതെ കഴിഞ്ഞത്. ഒടുവില്‍ ഭര്‍ത്താവ് പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട് തുറന്ന് ഇവരെ പുറത്തെത്തിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന്റെ ഉള്‍വശം ആകെ അലങ്കോലപ്പെട്ട അവസ്ഥയിലായിരുന്നു . വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും വെട്ടിയിട്ട തലമുടിയും മാലിന്യവും ചിതറിക്കിടക്കുകയായിരുന്നു. മാജി തന്നെയാണ് ഇക്കാലമത്രയും മകന്റെ തലമുടി വെട്ടിയിരുന്നത്. ഇന്‍ഡക്ഷന്‍ കുക്കറാണ് പാചകത്തിനായി ഉപയോഗിച്ചിരുന്നത്. മൂന്നു വര്‍ഷമായി മാലിന്യങ്ങള്‍ പുറത്തുകളഞ്ഞിരുന്നില്ല. ഇക്കാലത്തിനിടയില്‍ പുറത്തുനിന്നാരും വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ല.

മൂന്നു വര്‍ഷമായി കുട്ടി പുറത്തെ വെളിച്ചം പോലും കണ്ടിട്ടില്ലെന്നും പോലിസ് പറഞ്ഞു. ഇവര്‍ വീട്ടിനുള്ളില്‍ പൂട്ടിയിരിക്കുകയാണെന്ന് അയല്‍ക്കാര്‍ക്കും വിവരമുണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങിയാല്‍ തന്റെ മകന്‍ മരിക്കുമെന്ന ഭയമാണ് യുവതിയെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്.

ഭര്‍ത്താവിനെപ്പോലും വീടിനുള്ളിലേക്ക് കയറാന്‍ യുവതി സമ്മതിച്ചിരുന്നില്ല. 2020ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്ത് ഓഫീസില്‍ പോയ ഭര്‍ത്താവിനെ പിന്നീട് വീട്ടിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു.

ഭര്‍ത്താവ് വീഡിയോകോളിലൂടെയാണ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. വീടിന്റെ വാടക ഇദ്ദേഹം മുടങ്ങാതെ കൊടുത്തിരുന്നു. വൈദ്യുതി ബില്ല്, കുട്ടിയുടെ സ്‌കൂള്‍ ഫീസ് തുടങ്ങിയവയും മുടക്കിയില്ല. പലചരക്ക്, പച്ചക്കറി സാധനങ്ങളെല്ലാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിച്ചിരുന്നതായും പോലിസ് പറഞ്ഞു. യുവതിയെയും മകനെയും വീട്ടില്‍ നിന്ന് പുറത്തെത്തിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക