20
Oct 2023
Fri
20 Oct 2023 Fri

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം ഗില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത കാലത്തായി ഏകദിനത്തില്‍ മികച്ച ഫോമിലുള്ള ബാറ്ററാണ് ഗില്‍. ചെന്നൈയില്‍ നിന്ന് എത്തിയതുമുതല്‍ ഗില്‍ കടുത്ത പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി പോസിറ്റീവായത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഗില്ലിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍ എത്തിയേക്കുമെന്നാണ് സൂചന. എങ്കിലും ഓപ്പണര്‍ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്. 2023ല്‍ ഏകദിനത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ഗില്‍. ഈ വര്‍ഷം അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം 72.35 ശരാശരിയില്‍ 1230 റണ്‍സാണ് യുവതാരം അടിച്ചുകൂട്ടിയത്.

ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ഏഴു മുതല്‍ പത്ത് ദിവസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഗില്ലിന് വിശ്രമം അനുവദിച്ചേക്കും. ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാനാകുമോയെന്ന് തീരുമാനിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.