ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയ കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഏറെ നീണ്ട ചർച്ചകൾക്കൊടുവിലാണു തീരുമാനം. ആദ്യ ടേമിൽ സിദ്ധരാമയ്യയും പിന്നീട് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണു റിപ്പോർട്ട്. സത്യപ്രതിജ്ഞ നാളെ ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ബെംഗളൂരുവിൽ സിദ്ധരാമയ്യയുടെ വസതിക്കു മുന്നിൽ അനുയായികൾ ആഘോഷം തുടങ്ങി.
|
മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്നു തന്നെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും. സോണിയയുടെ വീട്ടിൽ രാഹുലും ഡികെയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്.
75കാരനായ സിദ്ധരാമയ്യക്ക് ഇത് മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴമാണ്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്ഥാനത്തെ ഏറ്റവും ജനകീയൻ എന്ന ഇമേജുമണ് സിദ്ധയ്ക്ക് തുണയായത്.





