കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിനുള്ള ശ്രമത്തിനിടെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിർത്തപ്പോൾ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
|
ഫർഹാനയും ഷിബിലും ആഷിഖും ചേർന്നാണ് ഹണി ട്രാപ്പിനു പദ്ധതിയിട്ടത്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി സിദ്ദിഖിന്റെ നഗ്‌നഫോട്ടോ എടുക്കുകയായിരുന്നു പദ്ധതി. ഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിർത്തപ്പോൾ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
ഫർഹാനയാണ് ബാഗിൽ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിർപ്പു പ്രകടിപ്പിച്ചാൽ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഷിബിലി കയ്യിൽ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.
ചെന്നൈയിൽ വച്ചു പിടികൂടിയ ഷിബിലിയെയും ഫർഹാനെയെയും തിരൂരിൽ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മൽപ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ അട്ടപ്പാടി ചുരംവളവിൽ ഉപേക്ഷിക്കുകയായിരുന്നു.





