24
Apr 2025
Sat
24 Apr 2025 Sat
sir syed college Taliparamba

പാട്ടത്തിനെടുത്ത തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയുടെ ഭൂമി കൈക്കലാക്കാന്‍ സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് ശ്രമം. (Sir Syed College: League-controlled trust uses bizarre tactics to acquire leased waqf land ) മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റായ കണ്ണൂര്‍ ജില്ലാ മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്‍ ആണ് കോളേജ് ഭരിക്കുന്നത്. ലീഗ് നേതാക്കളുടെ വഴിവിട്ട നീക്കത്തിനെതിരേ ലീഗ് പ്രവര്‍ത്തകര്‍ തന്നെ നിയമപോരാട്ടവുമായി രംഗത്തെത്തിയിട്ടുണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

54 വര്‍ഷമായി ലീസ് നല്‍കുന്ന 25 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമുന്നയിച്ചാണ് ജില്ലാ മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്‍(സി.ഡി.എം.ഇ.എ) ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനായി സര്‍ സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വഖഫ് ഭൂമി നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന വിചിത്ര അവകാശവാദമാണ് ട്രസ്റ്റ് ഉന്നയിച്ചിട്ടുള്ളത്.

വഖ്ഫ് ഭേദഗതി നിയമം വഴി കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് നിലമൊരുക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന വാദമാണ് സര്‍ സയ്യിദ് കോളേജ് മാനേജ്‌മെന്റിന്റേത് എന്നാണ് ആക്ഷേപം.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമൂദ് സെക്രട്ടറിയും പ്രാദേശിക നേതാവ് അഡ്വ. പി മഹമൂദ് പ്രസിഡന്റുമായ സിഡിഎംഇഎ ആണ് തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ 25 ഏക്കര്‍ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നത്.

ALSO READ: നടുറോഡില്‍ മൊബൈല്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം; കാറില്‍ തൂങ്ങിക്കിടന്ന് പ്രവാസി; പിന്നാലെ കുതിച്ച് പോലീസ്

കോളേജ് ആരംഭിക്കാന്‍ ഭൂമി പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് 1966ലാണ് സര്‍ സയ്യിദ് കോളേജ് മാനേജ്മെന്റായ സിഡിഎംഇഎ തളിപ്പറമ്പ് ജമാഅത്ത് പള്ളി കമ്മിറ്റിയെ സമീപിച്ചത്. അന്നത്തെ പള്ളി മുതവല്ലി കെ വി സൈനുദ്ദീന്‍ ഹാജി പള്ളിയുടെ ഭൂമി ലീസിന് നല്‍കാന്‍ അനുവദിക്കണമെന്നാശ്യപ്പെട്ട് വഖഫ് ബോര്‍ഡിന് അപേക്ഷ നല്‍കി.

വഖഫ് ബോര്‍ഡ് 1966 സപ്തംബര്‍ 17ന് പള്ളിയുടെ പേരില്‍തന്നെ ഭൂനികുതി അടയ്ക്കണമെന്ന നിബന്ധനയില്‍ ഏക്കറിന് അഞ്ചു രൂപ ലീസ് തുക നിശ്ചയിച്ച് 99 വര്‍ഷത്തേക്ക് സിഡിഎംഇഎക്ക് ഭൂമി പാട്ടത്തിന് കൈമാറാന്‍ അനുവദിച്ചു. 1967 ഫെബ്രുവരി 22നാണ് അന്നത്തെ രജിസ്ട്രാര്‍ പി രാധാകൃഷ്ണന്‍മേനോന്‍ മുമ്പാകെ 44.5 രൂപ ഫീസടച്ച് മുതവല്ലി കെ വി സൈനുദ്ദീന്‍ ഹാജി ഒന്നാം നമ്പറുകാരനായും സിഡിഎംഇഎ സ്ഥാപക പ്രസിഡന്റ് അഡ്വ. വി ഖാലിദ് രണ്ടാം നമ്പറുകാരനായും ലീസ് ആധാരം എഴുതിയത്.

ഇതുപ്രകാരമാണ് സര്‍ സയ്യിദ് കോളേജ് നിര്‍മിക്കാന്‍ ഭൂമി ലഭിച്ചത്. കഴിഞ്ഞ 54 വര്‍ഷം കോളേജ് മാനേജ്മെന്റ് വാടക നല്‍കിയതിനും പള്ളിക്കമ്മിറ്റിയുടെ കൈയില്‍ തെളിവുകളുണ്ട്. 2007 ജനുവരി മുതല്‍ 3000 രൂപയും 2016 ഒക്ടോബര്‍ മുതല്‍ മൂന്നു ലക്ഷം രൂപയും ആക്കി ലീസ് തുക വര്‍ധിപ്പിച്ചതിനും നല്‍കിയതിനും രേഖകളുണ്ട്.

ഏറ്റവുമൊടുവില്‍, 2022 ജൂലൈ ആറിന് സിഡിഎംഇഎ മൂന്ന് ലക്ഷം രൂപ നല്‍കിയതിന്റെ രസീത് അനുവദിക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി ഒപ്പിട്ട് സീല്‍ വച്ച് നല്‍കിയ കത്തില്‍ ലീസ് തുക എന്നുതന്നെയാണ് രേഖപ്പെടുത്തിയതും.

എന്നാല്‍, പിന്നീട് ലീസ് തുക നല്‍കാതെ കോളേജ് അധികൃതര്‍ ഭൂമിയില്‍ അവകാശവാദമുന്നയിക്കുകയായിരുന്നു. നിയമവിദഗ്ധനും പിന്നീട് ഹൈക്കോടതി ജസ്റ്റിസുമായിരുന്ന സ്ഥാപക പ്രസിഡന്റ് വി ഖാലിദുള്‍പ്പെടെ എഴുതിയ പാട്ടക്കരാറാണ് നിലവിലെ മനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ 12095/ 2025 ഡബ്ല്യുപി (സി) ഹര്‍ജിയിലൂടെ തള്ളിപ്പറയുന്നത്.

narikkod

രണ്ടേക്കര്‍ ഭൂമി വഖഫ് ഭൂമി അല്ലെന്നും നരിക്കോട് ഇല്ലത്തിന്റേതാണെന്നും വാദിച്ചു അള്ളാംകുളം മഹമൂദ് 2022 മാര്‍ച്ച് 4 നു ബോധിപ്പിച്ച കൗണ്ടറിന്റെ കോപ്പി

കഴിഞ്ഞമാസം 20ന് ആണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. ലീസാധാരപ്രകാരം സര്‍സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെയുള്ള ഭൂമിയുടെ ഉടമാവകാശം നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന അന്യായവാദമാണ് ഹൈക്കോടതിയില്‍ സിഡിഎംഇഎ ഉന്നയിച്ചത്.

ഇതിനെതിരേ മഹല്ല് നിവാസികളും മുസ്ലിം മതസംഘടനകളും ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ സി അബ്ദുല്‍ കരീം ആവശ്യപ്പെട്ടു. സിഡിഎംഇ ഇടപെടലുകള്‍ക്കെതിരേ നിയമപോരാട്ടം നടത്തുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുന്ന അഡ്വ. എസ് മമ്മുവും ഇതിന്റെ വിപല്‍ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

സര്‍ സയിദ് കോളജ് ഹോസ്റ്റല്‍ ഭൂമിയും വഖ്ഫ് സ്വത്ത്

sir syed college

25 ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍ അന്യായവാദമുന്നയിച്ച സി.ഡി.എം.ഇ.എ നേതൃത്വം രണ്ടേക്കര്‍ ഭൂമി വ്യാജ വാദമുന്നയിച്ചു സ്വന്തമാക്കിയതായും ആരോപണം. സര്‍ സയ്യിദ് കോളജിന്റെ ഹോസ്റ്റല്‍ നിര്‍മാണത്തിനായാണ് 1973ല്‍ കോളജ് മാനേജ്‌മെന്റ് പള്ളിക്കമ്മിറ്റിയില്‍ നിന്ന് രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്തത്.

പാട്ടഭൂമിയാണെങ്കിലും കോളജ് മാനേജ്‌മെന്റ് പള്ളിക്കമ്മിറ്റിക്ക് നിലവാടകയൊന്നും നല്‍കിയിരുന്നില്ല. ഈ ലീസാധാരത്തിന് സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ അനുമതിയും വാങ്ങിയിരുന്നി ല്ല. വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ യെ ഇക്കാര്യം തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് അഷ്‌റഫ് മുട്ട, സി.പി നൗഫല്‍ എന്നിവര്‍ രേഖാമൂലം അറിയിച്ചിരുന്നു.

വിഷയത്തില്‍ വഖ്ഫ് ബോര്‍ഡ് വിശദീകരണം തേടിയപ്പോള്‍ രണ്ടേക്കര്‍ ഭൂമി പള്ളിയില്‍നിന്ന് പാട്ടത്തിനെടുത്തെങ്കിലും നരിക്കോട് ഈറ്റിശ്ശേരി ഇല്ലത്തിന്റെ അവകാശികള്‍ തര്‍ക്കമുന്നയിച്ചെന്നാണ് സി.ഡി.എം.ഇ.എ ഭാരവാഹികള്‍ മറുപടി നല്‍കിയത്.

ഇല്ലം അധികാരികളുമായി സംസാരിച്ചതിനെ തുടര്‍ന്ന് അവരി ല്‍നിന്ന് വാക്കാല്‍ ഏറ്റുവാങ്ങി കൈവശം വച്ചുവരികയാണന്നും കോളജ് മാനേജ്‌മെന്റ് വാദിച്ചു.

വിവാദഭൂമി വഖഫ് രജിസ്റ്ററില്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ വഖഫ് സ്വത്തല്ലെന്ന വിചിത്രവാദവും സി.ഡി.എം.ഇ.എ വഖഫ് ബോര്‍ഡ് സിഇഒയെ ബോധിപ്പിച്ചു. അങ്ങിനെയെങ്കില്‍ ഭൂമി വഖഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടാണ് വഖഫ് ബോര്‍ഡ് സിഇഒ ഈ വിഷയം തീര്‍പ്പാക്കിയത്.

ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ ഭൂമിയും പള്ളിക്കമ്മിറ്റിയുടെ ഉടമസ്ഥതയിലാണെന്ന ട്രൈബൂണല്‍ വിധിക്കു ശേഷവും കോളജ് സ്ഥിതി ചെയ്യുന്ന 25 ഏക്കര്‍ ഭൂമി ഇല്ലത്തിന്റേതാണെന്ന ബാലിശവാദമാണ് കോളജ് മാനേജ്‌മെന്റ് ഇപ്പോഴും ഉന്നയിക്കുന്നത്്.