|
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിന് ആറ് ഫ്രാഞ്ചൈസികള്‍ യോഗ്യത നേടി. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പടെ പ്രമുഖര്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യങ്ങളാണ് രംഗത്ത്. ടീമുകളെ നിശ്ചയിക്കാനുള്ള ലേലം വൈകാതെയുണ്ടാകുമെന്ന് KCA അറിയിച്ചു.
ക്രിക്കറ്റ് ലീഗില്‍ സംവിധായകരായ പ്രിയദര്‍ശനും സോഹന്‍ റോയിക്കും ടീമുകള്‍ ഉണ്ട്. ഇന്നലെ നടന്ന കെസിഎല്‍ ഫ്രാഞ്ചൈസി ലേലത്തിലാണ് ഇരുവരും ടീമുകളെ സ്വന്തമാക്കിയത്. ടെന്‍ഡര്‍ നടപടി ക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്.
പ്രിയദര്‍ശന്‍ ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ് കണ്‍സോര്‍ഷ്യം), ടിഎസ് കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്‌മൈല്‍ റിവാര്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരാണ് ടീമുകളെ സ്വന്തമാക്കിയത്.
13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷ നല്‍കിയത്. ഒരു കോടി മുതല്‍ രണ്ടരക്കോടി രൂപവരെയായിരുന്നു ടീമുകള്‍ക്കായി മുടക്കാവുന്നത്. താരലേലം അടുത്തമാസം നടക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. ഒരു ടീമില്‍ 16 കളിക്കാര്‍വരെ ഉണ്ടാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ രണ്ടിനാണ് ഉദ്ഘാടന മത്സരം.
സെപ്റ്റംബര്‍ രണ്ടുമുതല്‍ തിരുവനന്തപുരത്ത് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍.
19 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 33 മത്സരങ്ങളായിരിക്കും ഉണ്ടാകുക. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്യും. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ഫ്രാഞ്ചൈസി ലീഗ് ടൂര്‍ണമെന്റ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍, അംഗം പിജെ നവാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Six franchisees chosen, Kerala Cricket League from September 2


