തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ ആറുവയസ്സുകാരനെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തിയത് ലൈംഗിക പീഡനം ചെറുത്തതിന്. (Six-year-old boy drowned in pond in Thrissur for resisting sexual harassment) കാണാതായ ആറ് വയസുകാരനെ അയല്‍വാസിയായ യുവാവ് കുളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. താനിശ്ശേരി സെന്റ് സേവ്യേഴ്സ് സ്കൂള്‍ യു.കെ.ജി വിദ്യാര്‍ഥി ആബേല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ജോജോ (20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ഇന്നലെ വൈകീട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. വീടിനു സമീപത്ത് സ്വര്‍ണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നാണ് കാണാതായത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ, കുട്ടി കുളത്തില്‍ ചാടുന്നത് കണ്ടുവെന്ന് പ്രതി പറഞ്ഞതോടെ കുളം പരിശോധിക്കുകയായിരുന്നു.
ഇവിടെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവനന്നത്.
ALSO READ: മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ, നാട്ടിൽനിന്ന് വന്നത് ഒരാഴ്ച മുമ്പ്
ഇയാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ കുളത്തില്‍ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്കി. മോഷണക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമില്‍ കേസുകളില്‍ പ്രതി കൂടിയാണ് ജോജോ.
കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടുകയായിരുന്നു ജോജോ കുട്ടിയെ പ്രലോഭിപ്പിച്ച് ഇവിടെ കൊണ്ടുവന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ക്കുകയും അമ്മയോട് പറയുമെന്ന് കരയുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കൊലപ്പെടുത്തിയതത്രെ.
നാട്ടുകാര്‍ തെരച്ചില്‍ നടത്തുമ്പോള്‍ ജോജോയും ഒപ്പം കൂടിയിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തില്‍ ചാടുന്നത് കണ്ടതായി പറഞ്ഞത്. അപ്പോഴേക്കും കാണാതായി മൂന്നു മണിക്കൂര്‍ പിന്നിട്ടിരുന്നു. മൃതദേഹം മാള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.


