ബെയ്‌റൂത്ത്: ദക്ഷിണ ലബ്‌നാനില്‍ ഹിസ്ബുല്ലയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. പോരാളികള്‍ ഇസ്രായേലി സൈനികനെ കൊലപ്പെടുത്തി. (Soldier killed in Lebanon as IDF pounds Hezbollah) ഗോലാനി ബ്രിഗേഡ് 13ആം ബറ്റാലിയനിലെ സര്‍ജന്റ് ഒറി നിസാനോവിച്ച്(21) ആണ് കൊല്ലപ്പെട്ടത്.
|
ഗ്രാമത്തിലെ ഒരു കെട്ടിടത്തിനകത്ത് നിന്ന് ഏകനായി പൊരുതിയ ഹിസ്ബുല്ല പോരാളിയാണ് സൈനികനെ കൊലപ്പെടുത്തിയത്. ഇതോടെ ലബ്‌നാനില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 44 ആയി.
അതേസമയം, ഇസ്രായേലിന് നേര്‍ക്കുള്ള റോക്കറ്റ്, ഡ്രോണ്‍ ആക്രമണം ബിസ്ബുല്ല ശക്തമാക്കി. പടിഞ്ഞാറന്‍ ഗലീലിയിലും ഹൈഫയിലും ഹിസ്ബുല്ല കനത്ത നാശനഷ്ടമുണ്ടാക്കി. ഡ്രോണ്‍ ആക്രമണത്തില്‍ ഹൈഫയിലെ ജൂത ദേവാലയും തകര്‍ന്നു. ആരാധനയ്‌ക്കെത്തിയ വിശ്വാസികള്‍ രക്ഷയ്ക്കായി പരക്കം പാഞ്ഞു. ഇവിടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ നഗരമായ നഹാരിയയില്‍ നിരവധി തവണ ആപായ സൈറണ്‍ മുഴങ്ങി. ഡ്രോണുകളില്‍ പലതിനെയും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
തംറ നഗരത്തില്‍ ഫാം ബില്‍ഡിങില്‍ റോക്കറ്റ് പതിച്ച് നിരവധി മൃഗങ്ങള്‍ കൊല്ലപ്പെട്ടു.
തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. പ്രദേശത്തേക്ക് സിവിലിയന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ചു.
കൂടുതല്‍ അകത്തേക്ക് കടന്ന് ഇസ്രായേല്‍ സൈന്യം
ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്രായേല്‍ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയില്‍ കടന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ലബനാന്‍ ഗ്രാമമായ ശാമായിലെ കുന്നിലാണ് ശനിയാഴ്ച പുലര്‍ച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നില്‍നിന്ന് പിന്നീട് പിന്മാറിയതായും ലബനാന്റെ ഔദ്യോഗിക നാഷനല്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആറ് ആഴ്ച മുമ്പ് അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രായേല്‍ കരസേന ലബനാന്റെ ഇത്രയും ഉള്‍ഭാഗത്തേക്ക് എത്തുന്നത്. ശാമാ ഗ്രാമത്തിലെ ഷിമോണ്‍ ദേവാലയവും നിരവധി വീടുകളും സ്‌ഫോടനത്തില്‍ തകര്‍ത്ത ശേഷമാണ് സൈന്യം പിന്മാറിയതെന്നും ഏജന്‍സി അറിയിച്ചു.


