ഫലസ്തീനികളെ വംശഹത്യചെയ്യല്‍: ഇസ്രായിലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വാദം തുടങ്ങി; ഇന്ന് ഇസ്രായേല്‍ വാദിക്കും
|
ഹേഗ്: ഫലസ്തീനികളെ വംശഹത്യചെയ്യുന്ന ഇസ്രായിലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ വാദം തുടങ്ങി. യു.എന്‍ അംഗീകരിച്ച 1948ലെ ജെനോസൈഡ് കണ്‍വെന്‍ഷനിലെ വ്യവസ്ഥകളെല്ലാം ഇസ്രായില്‍ ലംഘിച്ചിരിക്കുകയാണെന്ന് കേസ് ഫയല്‍ ചെയ്ത ദക്ഷിണാഫ്രിക്ക കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. ഇസ്രായിലിന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന 84 പേജുകളുള്ള തെളിവുകളും ദക്ഷിണാഫ്രിക്ക ഹേഗിലെ അന്താരാഷ്ട്ര കോടതി മുമ്പാകെ ഹാജരാക്കി.
ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ യൂറോപ്പില്‍ നടന്ന ജൂത വംശഹത്യയായ ഹോളോകോസ്റ്റിനെ തുടര്‍ന്ന് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജെനോസൈഡ് കണ്‍വെന്‍ഷന് രൂപം നല്‍കിയത്.
ആ കണ്‍വെന്‍ഷന്റെ രണ്ടാം വകുപ്പിനെ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് ഇസ്രായില്‍ ഗാസയിലെ പലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതെന്ന് ദക്ഷിണാഫ്രിക്കക്കുവേണ്ടി ഹാജരായ അഭിഭാഷക ആദില ഹാഷിം കോടതിയില്‍ പറഞ്ഞു. ഓരോ ആഴ്ചയിലും ആറായിരം ബോംബുകളാണ് ഇസ്രായില്‍ വര്‍ഷിക്കുന്നത്. ഒരാളെയും ഒഴിവാക്കുന്നില്ല, പിഞ്ചുകുഞ്ഞുങ്ങളെ പോലും. ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണെന്ന് പറഞ്ഞത് യു.എന്‍ മേധാവികള്‍ തന്നെയാണെന്നും ആദില ഹാഷിം ചൂണ്ടിക്കാട്ടി. ഈ കോടതിയില്‍നിന്നുള്ള ഉത്തരവല്ലാതെ മറ്റൊന്നിനും അവര്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്താനാവില്ല. അടിയന്തിരമായി സൈനിക നടപടി അവസാനിപ്പിക്കാന്‍ ഇസ്രായിലിനോട് ഐ.സി.ജെ ആവശ്യപ്പെടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. കോടതിയില്‍ വാദം നടക്കവേ കോടതിക്ക് പുറത്ത് ഇസ്രായില്‍ വംശഹത്യ അവസാനിപ്പിക്കണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. ഗാസയിലെ ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തുന്നത് തുടരുന്നതിനാലാണ് തങ്ങള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞു.
ഇന്നലെ മൂന്നു മണിക്കൂര്‍ നേരമാണ് കേസ് നടന്നത്. വാദം ഇന്നും തുടരും. ഇന്ന് ഇസ്രായേലാകും വാദിക്കുക. ആരോപണങ്ങള്‍ മുഴുവന്‍ കാപട്യങ്ങളും കളവും നിറഞ്ഞതാണെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഹമാസ് ദക്ഷിണാഫ്രിക്കയുടെ ലീഗല്‍ വിങ് ആണെന്നും ഇസ്രായേല്‍ ആരോപിച്ചു.


