സോള്‍: അര്‍ധരാത്രിയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ദക്ഷിണ കൊറിയ. (South Korea martial law live: President to lift order after mass opposition)vരാത്രി വൈകി പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂണ്‍ സോക് യോള്‍ രണ്ട് മണിക്കൂറിനകം അത് പിന്‍വലിച്ച് തടിയൂരി. പ്രസിഡന്റിന്റെ പ്രഖ്യാപനം പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് പട്ടാളനിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
|
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തര കൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും ഭരണത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പട്ടാള നിയമം പ്രഖ്യാപിച്ചത്. ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയില്‍നിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാനും ഉത്തര കൊറിയന്‍ അനുകൂലികളായ ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാനുമാണ് പട്ടാളനിയമം പ്രഖ്യാപിക്കുന്നതെന്ന് ടെലിവിഷന്‍ സന്ദേശത്തില്‍ യോള്‍ പറഞ്ഞിരുന്നു.
രാത്രി വൈകി ടെലിവിഷനിലൂടെയായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം. പാര്‍ലമെന്റും മറ്റു രാഷ്ട്രീയ സമ്മേളനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് സൈന്യം പ്രഖ്യാപിച്ചിരുന്നു.
പണിമുടക്കിയ ഡോക്ടര്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ ജോലിയില്‍ തിരിച്ചെത്തണമെന്നും സൈന്യം അറിയിച്ചിരുന്നു. മെഡിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മാസങ്ങളായി പണിമുടക്കുകയാണ്. ഉത്തരവ് ലംഘിക്കുന്ന ആരെയും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാമെന്ന് സൈന്യം ഭീഷണിപ്പെടുത്തി. പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
എന്നാല്‍, വിലക്ക് ലംഘിച്ച് അര്‍ധരാത്രിക്കു ശേഷം മതില്‍ ചാടിക്കടന്നും മറ്റും എംപിമാര്‍ പാര്‍ലമെന്റിലെത്തി. 300 അംഗ പാര്‍ലമെന്റില്‍ 190 പേര്‍ പങ്കെടുത്ത യോഗത്തില്‍ പട്ടാള നിയമം വോട്ടിനിട്ട് തള്ളി. അര്‍ധ രാത്രിയില്‍ തന്നെ ജനങ്ങളും പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചൂകൂടിയിരുന്നു.
യോളിന്റെ പീപ്ള്‍ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ അടുത്തവര്‍ഷത്തെ ബജറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തതിനു പിന്നാലെയാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്റില്‍ അനുചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് പ്രസിഡന്റ് ആരോപിച്ചിരുന്നു. തെറ്റായ സമയത്താണ് പട്ടാള നിയമം പ്രഖ്യാപിച്ചതെന്ന് ഭരണപക്ഷമായ പീപ്ള്‍സ് പവര്‍ പാര്‍ട്ടിയിലെ ചില നേതാക്കളും അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രസിഡന്റ് യൂണ്‍ സോക് യോളിന് മനംമാറ്റമുണ്ടായത്.
ഇന്നു പുലര്‍ച്ചെ പ്രസിഡന്‍ഷ്യല്‍ ചീഫ് ഓഫ് സ്റ്റാഫ് ചുങ് ജിന്‍ സുക്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിന്‍ വോണ്‍ തുടങ്ങി ഏഴോളം ഉന്നത ഉദ്യോഗസ്ഥര്‍ രാജി സന്നദ്ധത അറിയിച്ചു. പട്ടാള നിയമം നടപ്പാക്കാനുള്ള തെറ്റായ ഉപദേശം നല്‍കിയ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കണമെന്ന് ഭരണപക്ഷത്ത് നിന്നു തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രധാനമായും ഡോക്ടര്‍മാരുടെ സമരത്തെ നേരിടാനാണ് പ്രസിഡന്റ് പട്ടാള നിയമം പ്രഖ്യാപിച്ചതെന്നാണ് സൂചന. മെഡിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ക്വാട്ട വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഫെബ്രുവരി മുതല്‍ സമരത്തിലാണ്.


