റോട്ടര്‍ഡാം: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് സ്‌പെയിനും ക്രൊയേഷ്യയും ഏറ്റുമുട്ടും. നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ അരങ്ങേറുന്ന കലാശപ്പോരില്‍ ക്രൊയേഷ്യ സ്‌പെയിനുമായി കൊമ്പുകോര്‍ക്കും. ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ക്രൊയേഷ്യ അന്താരാഷ്ട്ര തലത്തില്‍ കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ കാലിടറിയ സ്പെയിന്‍ ഇത്തവണ എന്ത് വില കൊടുത്തും കപ്പ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
|
യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ 2-1ന് കീഴടക്കിയാണ് സ്‌പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ ഇടം പിടിച്ചത്. ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ 4-2ന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശനം. നെതര്‍ലന്‍ഡ്‌സിനെതിരെ വിജയം നേടിയ ക്രൊയേഷ്യയുടെ ടീമിനെ തന്നെയാകും ഫൈനലിലും കോച്ച് ഡാലിച്ച് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കുക. ലൂക്ക മോഡ്രിച്ച്, മാറ്റിയോ കൊവാസിച്ച്, മാഴ്‌സലോ ബ്രോസോവിച്ച് എന്നിവര്‍ അണിനിരക്കുന്ന മധ്യനിര തന്നെയാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ കരുത്ത്. പരിചയ സമ്പന്നനായ ഇവാന്‍ പെരിസിച്ചിന്റെ സാന്നിധ്യവും നിര്‍ണായകമാണ്.
സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന സ്‌പെയിനിന്റെ പ്രധാന കരുത്ത് ഊര്‍ജ്ജസ്വലരായ യുവ നിരയാണ്. ഇതിനൊപ്പം ജീസസ് നവാസിനെ പോലുള്ള താരങ്ങളുടെ പരിചയ സമ്പത്തും സ്‌പെയിനിന് ഗുണം ചെയ്യും. മധ്യനിരയില്‍ സ്പയിനിനായി വലിയ വ്യത്യാസം ഉണ്ടാക്കാന്‍ കെല്‍പ്പുള്ള റോഡ്രിയുടെയും ഗാവിയുടെയും പ്രകടനം ക്രൊയേഷ്യക്കെതിരെ നിര്‍ണായകമാകും. ഖത്തര്‍ ലോകകപ്പിന് ശേഷം സ്പെയിന്‍ കോച്ചായി ചുമതലയേറ്റ ലൂയിസ് ഡെ ലാ ഫോണ്ടെ ടീമിന് യുവേഫ നേഷന്‍സ് ലീഗ് നേടി കൊടുത്ത് മികച്ചൊരു തുടക്കം നല്‍കാനായിരിക്കും ശ്രമിക്കുക.ഇന്ന് അര്‍ദ്ധരാത്രി 12.15നാണ്(19-6-23) മല്‍സരം.


