17
May 2024
Tue
17 May 2024 Tue
IRAN HELICOPTER CRASH ENQUIRY

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടം കരുതിക്കൂട്ടി സൃഷ്ടിച്ചതോ? ഇറാനിലെ എറ്റവും കര്‍ക്കശക്കാരനായ പ്രസിഡന്റുമാരില്‍ ഒരാളും നയതന്ത്ര ഇടപെടലുകളില്‍ അസൂയാവഹമായ പ്രകടനം കാഴ്ച്ചവച്ച വിദേശ കാര്യമന്ത്രിയും ഒരേ സമയം അപകടത്തില്‍ പെട്ടതിന് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്ന ചര്‍ച്ച സജീവമാണ്. (Speculation about foul play; Iran begins probe into Raisi helicopter crash )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനും ഇസ്രായേലും തമ്മില്‍ സമീപ കാലത്തുണ്ടായ സംഘര്‍ഷവും ഇസ്രായേലും അസര്‍ബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ ഹെലികോപ്ടര്‍ അപകടം അസ്വാഭാവികമാണെന്ന ചര്‍ച്ച ഉയരുന്നത്. ദുരന്തത്തില്‍ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം നിക്ക് ഗ്രിഫിന്‍ എക്‌സില്‍ കുറിച്ചു. അപകടമെന്ന് തോന്നിക്കും വിധം എതിരാളികളെ വകവരുത്തിയതിന് മൊസാദിന്റെ ഇരുണ്ട ഭൂതകാല ചരിത്രത്തില്‍ ഉദാഹരങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായേല്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാന്റെ ഉന്നത നേതാക്കള്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്നതാണ് ലഭ്യമായ വിവരങ്ങളെന്ന് ഈ രംഗത്തെ വിദഗ്ധനായ കെയ്ല്‍ ബെയ്‌ലിയെ ഉദ്ധരിച്ച് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാന്‍ പൈലറ്റിന് സാധിക്കാതിരുന്നതെന്ന് കരുതുന്നു. നിയന്ത്രണ സംവിധാനം മനപൂര്‍വ്വം ആരെങ്കിലും തകരാറിലാക്കിയതാണോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങി
Iran helicopter crash speculation

ഹോലികോപ്ടര്‍ അപകടത്തെക്കുറിച്ച് ഇറാന്‍ അന്വേഷണം ആരംഭിച്ചു. ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണത്തിന്റെ നേതൃത്വം. ഇവര്‍ അപകട സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞു.റഷ്യന്‍ വിദഗ്ധര്‍ക്ക് ഈ രംഗത്തുള്ള പരിചയം ഇറാന് ഗുണകരമാവും. തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.